ബിരിയാണിയിലെ ചേരുവകൾ പുരുഷന്മാർക്ക് ഭീഷണി; ബം​ഗാളിൽ ബിരിയാണി കടകൾ പൂട്ടിച്ച് തൃണമൂൽ കോൺ​ഗ്രസ് നേതാവ്
national news
ബിരിയാണിയിലെ ചേരുവകൾ പുരുഷന്മാർക്ക് ഭീഷണി; ബം​ഗാളിൽ ബിരിയാണി കടകൾ പൂട്ടിച്ച് തൃണമൂൽ കോൺ​ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2022, 2:24 pm

കൊൽക്കത്ത: ബിരിയാണിയിലെ ചേരുവകൾ പുരുഷന്മാരുടെ സെക്‌സ് ഡ്രൈവ് കുറയ്ക്കുമെന്ന വാദവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്ര നാഥ് ഘോഷ്. രണ്ട് ബിരിയാണിക്കടകളും നേതാവ് അടച്ചുപൂട്ടിയിട്ടുണ്ട്. ബംഗാളിലെ കൂച്ച് ബെഹാറിലെ ബിരിയാണി കടകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്.

തൃണമൂൽ ഭരിക്കുന്ന മുൻസിപ്പാലിറ്റിയാണിത്. കൂച്ച് ബെഹാർ മുനിസിപ്പാലിറ്റി ചെയർമാൻ കൂടിയാണ് ഘോഷ്.

ബിരിയാണിയിൽ ഉപയോ​ഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പുരുഷ ലൈം​ഗികശേഷി കുറയ്ക്കുന്നുവെന്നാണ് ആരോപണം.

ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ സെക്‌സ് ഡ്രൈവ് കുറയ്ക്കുമെന്ന് നിരവധി ആളുകളിൽ നിന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് ടി.എം.സി നേതാവിന്റെ വിശദീകരണം. എന്നാൽ ഇത്തരത്തിൽ പുരുഷന്റെ ലൈം​ഗികാസക്തിയെ നശിപ്പിക്കുന്ന ചേരുവ എന്താണെന്ന് തനിക്കറിയില്ലെന്നും ഘോഷ് പറയുന്നുണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്.

അതേസമയം ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“എല്ലാ പരാതികളും ഞങ്ങൾ വിശദമായി പരിശോധിച്ചു. ഞങ്ങൾ സ്ഥലത്തെത്തി അന്വേഷിച്ചു. കടകൾക്ക് ട്രേഡ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ബിരിയാണിയിൽ ഉപയോ​ഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പുരുഷ ലൈം​ഗികശേഷി കുറയ്ക്കുന്നുവെന്ന പരാതികൾ പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഈ രണ്ട് വിഷയങ്ങളും പരി​ഗണിച്ചാണ് കടകൾ പൂട്ടിയത്,” രബീന്ദ്ര നാഥ് ഘോഷ് പറഞ്ഞു.

അതിനിടെ ഈ കട മാത്രമല്ല, റോഡുകൾ കയ്യേറുന്ന നിരവധി പേരുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ഘോഷ് പറഞ്ഞു.

“അവർ വഴികളിൽ വെച്ചാണ് പാചകം ചെയ്യുന്നത്. എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. രാത്രി വൈകുവോളം തുറന്നിരിക്കുന്ന ഈ കടകൾ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്. ആളുകൾ ഇവിടെ എത്തി മദ്യപിക്കുകയും പരിസരം മലിനമാക്കുകയും ചെയ്യുന്നുണ്ട്. ഈ ആളുകൾ ആരാണെന്നും അവർ എവിടെ നിന്നാണ് വരുന്നതെന്നും കണ്ടെത്താൻ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

അതേസമയം പപ്പു ഖാൻ എന്ന വ്യക്തിയാണ് കട നടത്തിയിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുനിസിപ്പൽ ഏരിയയിലെ ശുചീകരണ പ്രക്രിയയുടെ ഭാഗമായാണ് കടയടപ്പിച്ചതെന്നും കൃത്യമായ രേഖകൾ കൈവശമുള്ളവർക്ക് കട നടത്താൻ അനുവാദമുണ്ടെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.

Content Highlight: Ingredients in biryani affects the sex drive of men; Trinamool Congress leader shut down biryani stalls in Bengal