മികച്ച ഒട്ടേറെ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ഇന്ദ്രന്‍സ്. അഭിനയിക്കാന്‍ ലഭിക്കുന്നത് ചെറിയ കഥാപാത്രമാണെങ്കില്‍ പോലും തന്‍മയത്വത്തോടെ ഇന്ദ്രന്‍സ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്.
സിനിമാജീവിതത്തില്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് തുറന്നുപറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചാടിക്കേറി ചെയ്യാറാണ് പതിവെന്നും ഇന്ദ്രന്‍സ് പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നത്.
ഗൗരവമായ കഥാപാത്രങ്ങളായാലും കോമഡി കഥാപാത്രങ്ങളായാലും അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും ഇന്ദ്രന്‍സ് പറയുന്നു.
‘ഒരു ചാന്‍സ് ഒരു ക്യാരക്റ്റര്‍ എന്നും പറഞ്ഞ് നില്‍ക്കുകയാണ് ഞാനിപ്പോഴും. ഒരു മാറ്റത്തിലേക്കൊക്കെ ഞാന്‍ തുടങ്ങിയതേയുള്ളൂ. ഇനി വേണം നസറുദ്ദീഷായെപ്പോലുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യാന്‍,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍
കൊറോണക്കാലത്തിനിടക്ക് ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മകന്റെ നിര്‍ബന്ധത്തിലാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്നും എന്നാല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ ആ ഫോട്ടോകള്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.