Entertainment news
ഒന്നുമില്ലെങ്കിലും മണിസാറിനും ലാല്‍ സാറിനും പിന്നിലല്ലേ നമ്മള്‍; ഇന്ദ്രജിത്തിന്റെ പഴയ ട്വീറ്റ് വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 16, 05:21 pm
Sunday, 16th January 2022, 10:51 pm

മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഇരുവരിന്റെ 25ാം വാര്‍ഷികമായിരുന്നു ജനുവരി 14ന്. എം.ജി.ആറിന്റെ ജീവിതകഥ പറഞ്ഞ സിനിമ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഈ പശ്ചാത്തലത്തില്‍ ഇന്ദ്രജിത്തിന്റെ പഴയ ട്വീറ്റ് വീണ്ടും വൈറലാവുകയാണ്. പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായി ശ്രീധര്‍ പിള്ളയുടെ ട്വീറ്റിനുള്ള മറുപടിയാണ് ഇന്ദ്രജിത്ത് നല്‍കിയിരിക്കുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ തന്നെ മികച്ച നടനായ മോഹന്‍ലാല്‍ അവതരിപ്പിച്ച മണിരത്‌നത്തിന്റെ ക്ലാസിക്, ‘ഇരുവറിലെ’,എം.ജി.ആറാണ് ഏറ്റവും മികച്ചത്,’ എന്നായിരുന്നു ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് മറുപടിയായി ‘അതിനെ പറ്റി രണ്ടാമതൊരു ചിന്ത വേണ്ടെന്ന് നിസംശയം പറയാം,’ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. ഇന്ദ്രജിത്തിന്റെ കമന്റിന് പിന്നാലെ ഗൗതം വാസുദേവ് മേനോനും കമന്റ് ചെയ്തിരുന്നു.

‘നിങ്ങള്‍ അടിപൊളിയാണ് ഇന്ദ്രജിത്ത്. നിങ്ങളുടെ റിപ്ലേ നിങ്ങളുടെ ക്ലാസ് കാണിക്കുന്നു. ഏറ്റവും മികച്ചതായി രണ്ടാമത് എത്തുന്നതും നല്ലത് തന്നെയാണ്. എല്ലാത്തിലുമുപരി നമ്മുടെ ഗുരുക്കന്മാരായ മണി സാറിനും ലാല്‍ സാറിനും പിന്നിലാണല്ലോ നാം,’ എന്നാണ് ഗൗതം വാസുദേവ് മേനോന്‍ കുറിച്ചത്.

2019 ല്‍ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത വെബ്‌സീരീസായ ക്വീനില്‍ എം.ജി.ആറിനെ അവതരിപ്പിച്ചത് ഇന്ദ്രജിത്തായിരുന്നു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത വെബ്‌സീരീസായിരുന്നു ക്വീന്‍.

രമ്യ കൃഷ്ണന്‍ ജയലളിതയെ അവതരിപ്പിച്ച സീരീസില്‍ അഞ്ജന ജയപ്രകാശ്, അങ്കിത, വംശി കൃഷ്ണ, ഗൗതം വാസുദേവ് മേനോന്‍, സോണിയ അഗര്‍വാള്‍, വിവേക് രാജ്‌ഗോപാല്‍ എന്നിവരും അഭിനയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: indrajith old tweet goes viral