ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം 20ാം തീയതിയാണ് ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ചിരുന്നു. ആധികാരികമായി തന്നെ ഇന്ത്യന്‍ ടീം വിജയിച്ചെങ്കിലും ചില ആശങ്കകള്‍ ഇന്ത്യക്കുണ്ട്. യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ ഫോമാണ് ഇന്ത്യന്‍ ടീമിനെ അലട്ടുന്നത്.
ഒരുപാട് മത്സരങ്ങളായി വിദേശ പിച്ചുകളില്‍ താരം ഫോമിന്റെ നിഴല്‍ പോലും കാണിക്കുന്നില്ല. ഐ.പി.എല്ലിലെ തകര്‍പ്പന്‍ ഫോമിന് ശേഷം കളിക്കാനെത്തിയ ഡബ്ല്യു.ടി.സി ഫൈനലില്‍ അമ്പേ പരാജയമാകുന്ന ഗില്ലിനെയാണ് കാണാന്‍ സാധിച്ചത്. മത്സരത്തിന് ശേഷം അദ്ദേഹത്തെ തേടി ഒരുപാട് വിമര്‍ശനങ്ങളും എത്തിയിരുന്നു.
വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരത്തിലും അദ്ദേഹം പരാജയമായിരുന്നു. വെറും ആറ് റണ്‍സ് മാത്രമാണ് അദ്ദേഹം വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ നേടിയത്. വിദേശത്ത് വെച്ച് നടന്ന കഴിഞ്ഞ ഏഴ് ടെസ്റ്റിലും അദ്ദേഹം അമ്പേ പരാജയമായിയിരുന്നു.
സ്ഥിരം പൊസിഷനായ ഓപണിങ്ങില്‍ നിന്നും മാറി മൂന്നാം നമ്പറിലായിരുന്നു അദ്ദേഹം വിന്‍ഡീസിനെതിരെ കളിക്കളത്തില്‍ ഇറങ്ങിയത്. അരങ്ങേറ്റക്കാരനായ യശസ്വി ജെയ്‌സ്വാളിന് വേണ്ടി അദ്ദേഹം തന്റെ സ്ഥാനം വിട്ടുനല്‍കുകയായിരുന്നു. ജെയ്‌സ്വാള്‍ 171 റണ്‍സ് നേടിയപ്പോള്‍ ഗില്‍ മൂന്നാം നമ്പറില്‍ പരാജിതനാകുകയായിരുന്നു.
ഗില്ലിനെ ടീമില്‍ നിന്നും മാറ്റണമെന്നും മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ഒരുപാട് മുറവിളികള്‍ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടായിരുന്നു. ഗില്ലിനെ ടീമില്‍ നിര്‍ത്തുന്നത് പക്ഷാപാതമാണെന്ന് മുന്‍ താരം വെങ്കടേഷ് പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഗില്ലിന് വീണ്ടും അവസരം നല്‍കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചായ വിക്രം റാത്തോട്. ഒരൊറ്റ ഇന്നിങ്സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി തിളങ്ങാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഗില്ലിനെ വിലയിരുത്താന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്്. ഗില്ലിന് ഇനിയും ഒരുപാട് സമയമുണ്ടെന്നും അദ്ദേഹത്തിന് തിരിച്ചുവരാനുള്ള മാനസികാവസ്ഥയുണ്ടെന്നും റാത്തോഡ് പറയുന്നു.
‘ഗില്ലിന്റെ പക്കല്‍ ഇനിയുമൊരുപാട് സമയം ബാക്കിയുണ്ട്. ആവശ്യമെങ്കില്‍ സമയമെടുത്ത് കളിക്കാനുള്ള മികച്ച ബാറ്റിങ് ടെക്നിക്കും മാനസികാവസ്ഥയും അവനുണ്ട്. കൂടാതെ ആവശ്യമുള്ളപ്പോള്‍ അറ്റാക്കിങ് ഗെയിം കളിക്കാനും ഗില്ലിനറിയാം. അവന് ഗെയിം മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കും. അതാണ് മൂന്നാം നമ്പറില്‍ നമുക്ക് ആവശ്യമുള്ളത്, അതൊക്കെ ടീമിനു ഗുണം ചെയ്യുന്ന കാര്യങ്ങളാണ്,’റാത്തോഡ് വിശദമാക്കി.
മൂന്നു ഓപ്പണര്‍മാരായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ രംഗത്തുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഒരാള്‍ക്ക് മൂന്നാം നമ്പറിലേക്കു മാറേണ്ടത് ആവശ്യവുമായിരുന്നു. ശുഭ്മന്റെ ഭാഗത്തു നിന്നാണ് മൂന്നാം നമ്പറില്‍ അവന്‍ കളിക്കാമെന്ന അഭിപ്രായം വന്നത്. അതിനായി ഗില്‍ പറഞ്ഞ കാരണം നേരത്തെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിന് വേണ്ടിയും ഇന്ത്യന്‍ എ ടീമുകള്‍ക്കു വേണ്ടിയും മൂന്ന്-നാല് നമ്പറുകളില്‍ കളിച്ചിട്ടുണ്ടെന്നതായിരുന്നു. ഈ ഫോര്‍മാറ്റില്‍ തന്റെ യഥാര്‍ഥ ബാറ്റിങ് പൊസിഷന്‍ അതാണെന്നും ഗില്‍ പറഞ്ഞിരുന്നതായി റാത്തോഡ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയുടെ അഭാവമാണ് മൂന്നാം നമ്പറിലേക്ക് പുതിയൊരാളെ കൊണ്ടു വരാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിന്നിങ്സുകളിലും പുജാര ബാറ്റിങ്ങില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതോടെ വിന്‍ഡീസ് പരമ്പരയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു പിന്നീട് ആ സ്ഥാനം ഗില്‍ ഏറ്റെടുക്കുകയായിരുന്നു.