Daily News
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം;അജണ്ടയില്‍ ഇല്ലെന്ന് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 20, 09:55 am
Monday, 20th June 2016, 3:25 pm

nsg

ന്യൂദല്‍ഹി: ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള (എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വം എന്‍.എസ്.ജി പ്ലീനറി യോഗത്തിന്റെ അജണ്ടയിലില്ലെന്ന് ചൈന.

ജൂണ്‍ 23,24 തീയ്യതികളില്‍ സോളില്‍ വെച്ച് നടക്കുന്ന എന്‍.എസ്.ജി അംഗങ്ങളുടെ യോഗത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്നെന്നാണ് ചൈന വ്യക്തമാക്കിയിരുന്നത്..

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത അംഗങ്ങളെ ചേര്‍ക്കുന്നത് അജണ്ടയിലില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ഛുനൈയിങ് അറിയിച്ചു. 48 രാജ്യങ്ങളാണ് എന്‍എസ്ജിയില്‍ ഉള്ളത്.

ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും യോഗത്തില്‍ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യോഗത്തില്‍  ഒരു അജണ്ടയുമില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനോടു ചൈനയ്ക്ക് എതിര്‍പ്പില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അംഗത്വ അപേക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ 24 നു ചേരുന്ന പ്ലീനറി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പാക്കിസ്ഥാന് അംഗത്വം നല്‍കുന്നതിനെ ഇന്ത്യ എതിര്‍ക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞിരുന്നു.

ആണവസാമഗ്രികളുടെ കയറ്റുമതിയും ഇറക്കുമതിയും നടത്തുമ്പോള്‍ അണ്വായുധ വ്യാപനം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് എന്‍എസ്ജിയുടെ പ്രധാന ദൗത്യം.

യുഎസ്, റഷ്യ തുടങ്ങി എന്‍എസ്ജിയിലെ ഒട്ടുമിക്ക അംഗരാജ്യങ്ങളും ഇന്ത്യയുടെ അംഗത്വ അപേക്ഷയെ പിന്തുണയ്ക്കുന്നുണ്ട്. ചൈനയ്ക്കു പുറമേ തുര്‍ക്കി, കസഖ്‌സ്ഥാന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് എതിര്‍പ്പ്.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യമാണ് ഇന്ത്യ എന്നതാണ് ചൈനയും മറ്റും ഉന്നയിക്കുന്ന പ്രശ്‌നം.

അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് സുഷമ സ്വരാരജും വ്യക്തമാക്കിയിരുന്നു.

താന്‍ നേരിട്ട് 23 രാജ്യങ്ങളെ ബന്ധപ്പെട്ടു. അതില്‍ ഒന്നോ രണ്ടോ ആണ് നേരിയ വിയോജിപ്പ് പറഞ്ഞത്. എന്‍.എസ്.ജിയില്‍ ഏതു രാജ്യവും വരുന്നതിനെ ഇന്ത്യ എതിര്‍ക്കില്ല.

അത് പക്ഷേ, യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. ഇന്ത്യ എന്‍.എസ്.ജി അംഗമല്ലാത്തതിനാല്‍ പാകിസ്താന് അംഗത്വംനല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും സുഷമ വ്യക്തമാക്കിയിരുന്നു.