തോറ്റു തുടങ്ങി...തിരുത്തിക്കുറിച്ചത് 112 വർഷത്തെ ചരിത്രം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റെക്കോഡ് ജയം
Cricket
തോറ്റു തുടങ്ങി...തിരുത്തിക്കുറിച്ചത് 112 വർഷത്തെ ചരിത്രം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റെക്കോഡ് ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2024, 4:01 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് രോഹിത്തും കൂട്ടരും തകര്‍ത്തു വിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ നാലാം തവണയാണ് അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം പരാജയപ്പെടുകയും പിന്നീട് ആ പരമ്പര 4-1ന് സ്വന്തമാക്കുകയും ചെയ്യുന്നത്.

ഇതിനുമുമ്പ് ഇത്തരത്തില്‍ 4-1ന് പരമ്പര സ്വന്തമാക്കിയിരുന്നത് 1911ല്‍ ആയിരുന്നു. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇംഗ്ലണ്ട് 4-1ന് വിജയിച്ചത്. അതിനുമുമ്പ് രണ്ട് തവണയാണ് ഇത്തരത്തില്‍ ടെസ്റ്റില്‍ ആദ്യ മത്സരം പരാജയപ്പെടുകയും അവസാനം പരാജയപ്പെട്ട ടീം 4-1ന് പരമ്പര സ്വന്തമാക്കിയത്. 1901ലും 1897 ലും ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസ്‌ട്രേലിയ ഇത്തരത്തില്‍ വിജയിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 14 ഓവറില്‍ 77 റണ്‍സ് വിട്ടു നല്‍കിയായിരുന്നു അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടിയപ്പോള്‍ ഇംഗ്ലീഷ് ബാറ്റിങ് 195 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോ റൂട്ട് മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 128 പന്തില്‍ 84 റണ്‍സാണ് റൂട്ട് നേടിയത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 477 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്.

150 പന്തില്‍ 110 റണ്‍സ് നേടികൊണ്ടായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം. 12 ഫോറുകളും അഞ്ച് സിക്സുകളുമാണ് ഗില്‍ നേടിയത്. മറുഭാഗത്ത് 162 പന്തില്‍ 103 റണ്‍സുമായിരുന്നു രോഹിത് നേടിയത്. 13 ഫോറുകളും മൂന്ന് കൂറ്റന്‍ സിക്സുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്.

യുവ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ അര്‍ധസെഞ്ച്വറിയും നേടി. 58 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ജെയ്‌സ്വാള്‍ നേടിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുമാണ് ജെയ്‌സ്വാള്‍ നേടിയത്.

ഇംഗ്ലീഷ് ബൗളിങ്ങില്‍ ഷോയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റും ആര്‍.അശ്വിന്‍ നാല് വിക്കറ്റും നേടികൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയും വീഴ്ത്തി.

ഇംഗ്ലണ്ട് ബാറ്റിങ്ങിലെ ടോപ് സ്‌കോറര്‍ സാക്ക് ക്രോളിയായിരുന്നു. 108 പന്തില്‍ 79 റണ്‍സ് നേടിയായിരുന്നു ക്രോളിയുടെ മിന്നും പ്രകടനം

Content Highlight: Indian cricket team historical win against England