ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. രാജ്യത്തു നടക്കുന്നതു വഴിതെറ്റിയ സമരമാണെന്നും അത്തരത്തില്‍ ജനങ്ങളെ നയിക്കുന്നവര്‍ യഥാര്‍ഥ നേതാക്കളല്ലെന്നും റാവത്ത് പറഞ്ഞു.
‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 31-നു വിരമിക്കാനിരിക്കെയാണ് റാവത്തിന്റെ അഭിപ്രായപ്രകടനം. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കരസേനാ മേധാവിയുടെ പ്രതികരണം വന്നിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന പലയിടങ്ങളിലും സൈന്യത്തെയടക്കം കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.
അതിനിടെ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തില്‍ മുന്‍ ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ ഗുവാഹത്തിയിലാണ് ഡിസംബര്‍ 28-ന് കോണ്‍ഗ്രസ് പ്രക്ഷോഭം.