ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ബാലന്‍സുള്ള ടീമിനെ തന്നെ ഇറക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ടീമില്‍ യുവ സൂപ്പര്‍താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജഡേജ ഒഴികെ ഒരു ലെഫ്റ്റ് ഹാന്‍ഡിഡ് ബാറ്റര്‍ പോലും ടീമിലില്ല എന്നത് ശ്രദ്ധേയമാണ്.
നായകന്റെ കൂടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ടീമിന്റെ ഓപ്പണറായി കളത്തില്‍ ഇറങ്ങുക. ഐ.പി.എല്ലിന് ശേഷം സിംബാബ് വെ പരമ്പരയില്‍ മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. മികച്ച പ്രകടനമൊന്നും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നില്ലായിരുന്നു.
മുന്‍ നായകന്‍ ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ടീമിനായി കളത്തില്‍ ഇറങ്ങുമെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
മൂന്ന് പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ആവേശ് ഖാന്‍, ഭുവനേശ്യര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയിലുണ്ടാകുക. ഹര്‍ദിക് പാണ്ഡ്യക്കും ബൗളിങ്ങില്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.
പാക് നിരയില്‍ ഹസന്‍ അലി ഇടം നേടിയില്ല. ബാബര്‍ അസം- റിസ്‌വാന്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് പാകിസ്ഥാന്‍ ബാറ്റിങ് നിരയെ ഡെയ്ഞ്ചറാക്കുന്നത്. ഷഹീന്‍ അഫ്രിദി ഇല്ലാത്ത സാഹചര്യത്തില്‍ നസീം ഷായും ഹാരിസ് റൗഫുമാണ് പാക് ബൗളിങ്ങിനെ നയിക്കുക.
ഷദാബ് ഖാന്‍ സ്പിന്‍ ബൗളിങ്ങിനെ നയിക്കും. ഇന്ത്യന്‍ സമയം 7.30നാണ് മത്സരം ആരംഭിക്കുക.