'ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതുപോലെ ഇന്ത്യയും ഉടന്‍ തകരും'; കേന്ദ്രത്തിനെതിരെ ഉദ്ദവ് താക്കറെ
national news
'ഇങ്ങനെ പോയാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതുപോലെ ഇന്ത്യയും ഉടന്‍ തകരും'; കേന്ദ്രത്തിനെതിരെ ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 5:20 pm

മുംബൈ: കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ തകര്‍ച്ച രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതുപോലെ ഇന്ത്യയും തകരാന്‍ അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഉദ്ദവിന്റെ പരാമര്‍ശം.

‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോയില്ലെങ്കില്‍ പ്രത്യാഘാതം ഉടന്‍ പ്രതീക്ഷിക്കാം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതുപോലെ രാജ്യവും ശിഥിലീകരിക്കപ്പെടും. കേന്ദ്രത്തിന്റെ വിശ്വാസ്യത അത്രമേല്‍ ചോദ്യം ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2020’, ഉദ്ദവ് പറഞ്ഞു.

അതേസമയം മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ഉദ്ദവ് പറഞ്ഞു. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ എന്തിനാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രിയ്ക്ക് രാജ്യത്തോടാണ് പ്രതിബദ്ധ

ത വേണ്ടത്. ഒരൊറ്റ ഫെഡറേഷനാണ് നമ്മുടെ രാജ്യം. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ക്കും ആ ഫെഡറേഷനില്‍ സ്ഥാനമുണ്ട്. ആ വികാരമാണ് മോദി ഇല്ലാതാക്കിയത്, ഉദ്ദവ് പറഞ്ഞു.

പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയും ഉദ്ദവ് തുറന്നടിച്ചു. ജനാധിപത്യത്തില്‍ അധികാരത്തിനായുള്ള ആരോഗ്യകരമായ മത്സരങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉദ്ദവ് പറഞ്ഞു.

ബംഗാളില്‍ റാലികളും, പ്രചാരണ യോഗങ്ങളും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. രാത്രികാല കര്‍ഫ്യൂ വേണ്ട മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളെ തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ ശ്രമിക്കുന്നില്ലെന്നും ഉദ്ദവ് പറഞ്ഞു.

അതേസമയം, പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി തുടരുകയാണ്. അമിത് ഷായാണ് പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Udhav Thackray Slams Union Government