ഇന്ത്യ vs ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: വിരാട് തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത്...
Sports News
ഇന്ത്യ vs ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: വിരാട് തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത്...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 5:52 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ഇരു ടീമുകളും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ജയവുമായി 1-1 എന്ന നിലയില്‍ സമനില പാലിക്കുകയാണ്.

ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

മൂന്നാം ടെസ്റ്റിന് മുമ്പ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വിരാട് വിട്ടുനില്‍ക്കുകയായിരുന്നു.

വിരാടിന്റെ പകരക്കാരനായി ടീമില്‍ ഇടം നേടിയ രജത് പാടിദാര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

മൂന്നാം മത്സരത്തിന് മുന്നോടിയായി മികച്ച റെക്കോഡാണ് വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 9,000 റണ്‍സ് എന്ന നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്. 152 റണ്‍സ് കൂടി കണ്ടെത്താനായാല്‍ വിരാടിന് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 9,000 എന്ന മാജിക്കല്‍ നമ്പറിലെത്താം.

വരും മത്സരങ്ങളില്‍ നിന്നുമായി വിരാടിന് 152 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ 9,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത് മാത്രം ഇന്ത്യന്‍ താരം എന്ന റെക്കോഡിലേക്കാണ് വിരാടെത്തുക. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഇതിന് മുമ്പ് 9,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 329 – 15,921

രാഹുല്‍ ദ്രാവിഡ് – 284 – 13,625

സുനില്‍ ഗവാസ്‌കര്‍ – 214 – 10,122

വിരാട് കോഹ്‌ലി – 191 – 8,848

വി.വി.എസ് ലക്ഷ്മണ്‍ – 225 – 8,781

വിരേന്ദര്‍ സേവാഗ് – 178 – 8,503

സൗരവ് ഗാംഗുലി – 188 – 7,212

ചേതേശ്വര്‍ പൂജാര – 176 – 7,195

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 18ാമത് താരം എന്ന നേട്ടവും വിരാടിനെ കാത്തിരിക്കുന്നുണ്ട്.

2011ലാണ് വിരാട് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 113 മത്സരത്തിലെ 191 ഇന്നിങ്‌സില്‍ നിന്നും 49.15 എന്ന ശരാശരിയിലും 55.65 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് വിരാട് 8,848 റണ്‍സ് നേടിയത്.

29 സെഞ്ച്വറികളും 30 അര്‍ധ സെഞ്ച്വറികളും വിരാട് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2023ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ കുറിച്ച 254* ആണ് ടെസ്റ്റില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

 

Content Highlight:  India vs England: If he can find 152 more runs, Virat Kohli can get 9,000 runs