സച്ചിനെ നിഷ്പ്രഭനാക്കി തേര്‍വാഴ്ച; കരിയറില്‍ നേടിയത് 9ാം ഇന്നിങ്‌സില്‍ മറികടന്നു; ഒന്നാമന്‍ ജെയ്‌സ്വാള്‍
Sports News
സച്ചിനെ നിഷ്പ്രഭനാക്കി തേര്‍വാഴ്ച; കരിയറില്‍ നേടിയത് 9ാം ഇന്നിങ്‌സില്‍ മറികടന്നു; ഒന്നാമന്‍ ജെയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 4:52 pm

ഇംഗ്ലണ്ട് – ഇന്ത്യ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ സച്ചിന്റെ ഐതിഹാസിക നേട്ടം മറികടന്ന് യുവതാരം യശസ്വി ജെയ്‌സ്വാള്‍. ടെസ്റ്റില്‍ ഒരു ടീമിനെതിരെ അറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്‌സ്വാള്‍ കുറിച്ചത്.

ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ മൂന്നാം സിക്‌സര്‍ പറത്തിയതോടെയാണ് ജെയ്‌സ്വാള്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ 26ാം സിക്‌സര്‍ നേട്ടമാണിത്. ഒമ്പതാം ഇന്നിങ്‌സിലാണ് ജെയ്‌സ്വാള്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

 

ടോം ഹാര്‍ട്‌ലിയെറിഞ്ഞ ഒറ്റ ഓവറില്‍ തന്നെ മൂന്ന് പടുകൂറ്റന്‍ സിക്‌സര്‍ നേടിയാണ് ജെയ്‌സ്വാള്‍ റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

നേരത്തെ ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയ 25 സിക്‌സറാണ് റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. കരിയറില്‍ ഓസീസിനെതിരെ കളിച്ച 74 ഇന്നിങ്‌സില്‍ നിന്നുമാണ് സച്ചിന്‍ 25 സിക്‌സര്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – സിക്‌സര്‍ – ഇന്നിങ്‌സ് എന്നീ ക്രമകത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – ഇംഗ്ലണ്ട് – 26 – 9

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഓസ്‌ട്രേലിയ – 25 – 74

രോഹിത് ശര്‍മ – സൗത്ത് ആഫ്രിക്ക – 22 – 20

റിഷബ് പന്ത് – ഇംഗ്ലണ്ട് – 21- 21

കപില്‍ ദേവ് – ഇംഗ്ലണ്ട് – 21 – 39

അതേസമയം, അഞ്ചാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ജെയ്‌സ്വാള്‍ പുറത്തായി. 58 പന്തില്‍ 57 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ തിരിച്ചുനടന്നത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

നിലവില്‍ 23 ഓവര്‍ പിന്നിടുമ്പോള്‍ 111ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 75 പന്തില്‍ 49 റണ്‍സുമായി രോഹിത് ശര്‍മയും അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയും 218 റണ്‍സിന് പുറത്താവുകയുമായിരുന്നു. 108 പന്തില്‍ 79 റണ്‍സ് നേടിയ സാക്ക് ക്രോളിയുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 108 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. കരിയറില്‍ താരത്തിന്റെ നാലാം ഫൈഫര്‍ നേട്ടമാണിത്. ഇതിന് പുറമെ ടെസ്റ്റില്‍ 50 വിക്കറ്റ് എന്ന നാഴികകക്കല്ലും കുല്‍ദീപ് പിന്നിട്ടു.

കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ അശ്വിന്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

 

Content highlight: India vs England 5th Test: Yashasvi Jaiswal surpassed Sachin Tendulkar