ന്യൂദല്‍ഹി: അഗ്നി 5 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈല്‍വേധ ബാലസ്റ്റിക് മിസൈലാണ് അഗ്നി 5.
5,000 കിലോമീറ്റര്‍ ദൂരപരിധിയിയുള്ള ഭൂഖണ്ഡാനന്തര ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിക്കുക വഴി ശക്തമായ സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് നല്‍കിയിരിക്കുന്നത്.
ഒഡീഷയിലെ എ.പി.ജെ അബദുള്‍ കലാം ഐലന്‍ഡില്‍ നിന്നും വൈകീട്ട് 7.50ലാണ് മിസൈല്‍ പരീക്ഷിച്ചത്.
ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണ പ്രവര്‍ത്തന സജ്ജമാകുന്ന ജ്വലന സംവിധാനമാണ് അഗ്നി 5ന്റേത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമാണുള്ളത്.
ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ അടിത്തറയാണ് അഗ്നി മിസൈല്‍. അഗ്നി സീരീസിലെ അഞ്ചാമത് മിസൈലാണ് ഇന്ന് പരീക്ഷിച്ചത്. ഇന്ത്യയുടെ ആയുധശേഖരത്തിലെ ബ്രഹ്മാസ്ത്രമായാണ് അഗ്നി മിസൈലുകളെ കണക്കാക്കുന്നത്.
ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് മിസൈലിന്റെ നിര്‍മാതാക്കള്‍. 700 കിലോമീറ്റര്‍ മുതല്‍ 5000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലസ്റ്റിക് മിസൈലുകളാണ് അഗ്നി സീരീസിലുള്ളത്.
ജൂണില്‍, ആണവ ശേഷിയുള്ള അഗ്നി പ്രൈമും ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ക്ക് ചൈനയ്ക്ക് നല്‍കുന്ന മുന്നറിയിപ്പായാണ് കണക്കാക്കപ്പെടുന്നത്.