മൂന്ന് ക്യാപ്റ്റന്‍മാരുടെ അധ്വാനഫലം! ചരിത്ര ഹാട്രിക്കിന് തൊട്ടരികില്‍ ഇന്ത്യ
Sports News
മൂന്ന് ക്യാപ്റ്റന്‍മാരുടെ അധ്വാനഫലം! ചരിത്ര ഹാട്രിക്കിന് തൊട്ടരികില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th December 2024, 7:56 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. ബോക്‌സിങ് ഡേ ആയ ഡിസംബര്‍ 26 മുതല്‍ വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റ് അരങ്ങേറുന്നത്.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഭൂമികയില്‍ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ പ്രത്യേക സ്ഥാനമാണുള്ളത്. എല്ലാ ബോക്സിങ് ഡേ ടെസ്റ്റുകള്‍ക്കും മെല്‍ബണ്‍ തന്നെയാണ് വേദിയാകാറുള്ളത്. ബോക്സിങ് ഡേ ടെസ്റ്റ് എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായതിനാല്‍ തന്നെ കങ്കാരുക്കളെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടവുമാണ്.

എന്നാല്‍ ഇത്തവണ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഒരു ചരിത്ര ഹാട്രിക്കിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീമിന് പോലും നേടാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് രോഹിത് ശര്‍മയും സംഘവും കണ്ണുവെക്കുന്നത്.

ഇതിന് മുമ്പ് ബോക്സിങ് ഡേയില്‍ കളിച്ച രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ ഇത്തവണയും വിജയിച്ച് ബോക്സിങ് ഡേ ഹാട്രിക്കാണ് ലക്ഷ്യമിടുന്നത്.

2018ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയിച്ചാണ് ഇന്ത്യ ഈ സ്ട്രീക് ആരംഭിച്ചത്. അന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെല്‍ബണില്‍ കങ്കാരുക്കളുടെ കണ്ണുനീര്‍ വീഴ്ത്തിയത്. ചേതേശ്വര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പിലും ജസ്പ്രീത് ബുംറയുടെ പേസ് കരുത്തിലുമാണ് ഓസ്ട്രേലിയ പരാജയം രുചിച്ചത്.

സ്‌കോര്‍

ഇന്ത്യ: 443/7d & 106/8d

ഓസ്ട്രേലിയ: 151 & 261 (T: 339)

ആദ്യ ഇന്നിങ്സില്‍ പൂജാര സെഞ്ച്വറി നേടിയപ്പോള്‍ (319 പന്തില്‍ 106) ക്യാപ്റ്റന്‍ വിരാട് കോഹ്ലി (204 പന്തില്‍ 82), മായങ്ക് അഗര്‍വാള്‍ (161 പന്തില്‍ 76) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിന് തുണയായി.

ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റുമായി കങ്കാരുപ്പടയുടെ നടുവൊടിച്ച ബുംറ രണ്ടാം ഇന്നിങ്സില്‍ മൂന്ന് വിക്കറ്റും നേടി. ബുംറയെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ശേഷം, 2020ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ വീണ്ടും ബോക്സിങ് ഡേ ടെസ്റ്റില്‍ വിജയിക്കുന്നത്. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നായകന്‍ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

സ്‌കോര്‍

ഓസ്ട്രേലിയ: 195 & 200

ഇന്ത്യ: 326 & 70/2 (T: 70)

മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ 223 പന്തില്‍ നിന്നും 112 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ രഹാനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. ഇതോടെ ബോക്സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചിന് സമ്മാനിക്കുന്ന മല്ലാഗ് മെഡലിന്റെ ചരിത്രത്തിലെ ആദ്യ അവകാശിയാകാനും രഹാനെക്കായി.

 

2010ന് ശേഷം ഓസ്ട്രേലിയ ആകെ രണ്ടേ രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ പരാജയപ്പെട്ടിട്ടുള്ളൂ. രണ്ട് തവണയും കങ്കാരുക്കളെ പരാജയപ്പെടുത്തിയതാകട്ടെ ഇന്ത്യയും.

2018നും 2020നും ശേഷം ഇന്ത്യ വീണ്ടും ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയിരിക്കുകയാണ്. പരമ്പരയിലെ നാലാം ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ബോക്‌സിങ് ഡേ ഹാട്രിക് സ്വന്തമാക്കാം. മൂന്ന് വിവിധ ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍, മൂന്ന് വിവിധ വര്‍ഷങ്ങളിലായി നേടുന്ന മൂന്ന് വിജയങ്ങള്‍ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.

ഇതിന് മുമ്പ് ഇംഗ്ലണ്ടാണ് ഹാട്രിക് ബോക്സിങ് ഡേ വിജയത്തിന് അടുത്തെത്തിയത്. 1982ലും 1986ലും വിജയിച്ച ഇംഗ്ലണ്ട് ഹാട്രിക് ലക്ഷ്യമിട്ട് 1990ല്‍ വീണ്ടും ഓസ്ട്രേലിയയിലെത്തി. എന്നാല്‍ ആ മത്സരത്തില്‍ ആതിഥേയര്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചു.

കങ്കാരുക്കളുടെ ബോക്‌സിങ് ഡേ ടെസ്റ്റ്

1968ലാണ് ഓസീസിന്റെ ആദ്യ ബോക്സിങ് ഡേ ടെസ്റ്റ് അരങ്ങേറിയത്. വെസ്റ്റ് ഇന്‍ഡീസായിരുന്നു ഓസ്ട്രേലിയയുടെ എതിരാളികള്‍. മത്സരത്തില്‍ ഇന്നിങ്സിനും 30 റണ്‍സിനും ഓസ്ട്രേലിയ വിജയിച്ചുകയറി.

അന്നുതൊട്ട് ഇന്നുവരെ 43 ബോക്സിങ് ഡേ ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 26 മത്സരത്തിലും കങ്കാരുക്കള്‍ വിജയിച്ചുകയറി. 60.47 ശതമാനമാണ് ബോക്സിങ് ഡേയില്‍ ഓസീസിന്റെ വിജയം. എട്ട് കളിയില്‍ പരാജയപ്പെട്ടപ്പോള്‍ ഒമ്പത് മത്സരം സമനിലയിലും അവസാനിച്ചു.

എല്ലാ വര്‍ഷവും ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കളിക്കുന്ന മറ്റൊരു ടീം കൂടിയുണ്ട്. സൗത്ത് ആഫ്രിക്ക. ഓസ്‌ട്രേലിയേക്കാള്‍ എത്രയോ മുമ്പ് സൗത്ത് ആഫ്രിക്ക ഡിസംബര്‍ 26ന് ടെസ്റ്റുകള്‍ കളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഓസീസിന്റെ ബോക്‌സിങ് ഡേ ടെസ്റ്റുകളെ പോലെ പ്രോട്ടിയാസിന്റെ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഇക്കാരണത്താല്‍ ബോക്‌സിങ് ഡേ ടെസ്റ്റ് എന്ന പേര് ടെസ്റ്റ് ഓസ്‌ട്രേലിയുടെ മത്സരങ്ങളുടെ പര്യായമായി മാറി.

ഈ ബോക്‌സിങ് ഡേയില്‍ സൗത്ത് ആഫ്രിക്കയും നിര്‍ണായകമായ ടെസ്റ്റിനിറങ്ങുന്നുണ്ട്. സെഞ്ചൂറിയനില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ബോക്സിങ് ഡേ ടെസ്റ്റില്‍ വിവിധ ടീമുകള്‍ക്കെതിരെ ഓസ്ട്രേലിയയുടെ പ്രകടനം

(എതിരാളികള്‍ – ആകെ മത്സരം – വിജയം – സമനില – തോല്‍വി – വിജയശതമാനം – ഒടുവില്‍ കളിച്ച മത്സരം എന്നീ ക്രമത്തില്‍)

ശ്രീലങ്ക – 2 – 2 – 0 – 0 – 100.00% – ബോക്സിങ് ഡേ 2012

വെസ്റ്റ് ഇന്‍ഡീസ് – 7 – 6 – 0 – 1 – 85.71% – ബോക്സിങ് ഡേ 2015

പാകിസ്ഥാന്‍ – 5 – 4 – 1 – 0 – 80.00% – ബോക്സിങ് ഡേ 2023

ഇന്ത്യ – 9 – 5 – 2 – 2 – 55.56% ബോക്സിങ് ഡേ 2020

സൗത്ത് ആഫ്രിക്ക – 6 – 3 – 2 – 1 – 50.00% – ബോക്സിങ് ഡേ 2022

ഇംഗ്ലണ്ട് – 11 – 5 – 2 – 4 – 45.45% – ബോക്സിങ് ഡേ 2021

ന്യൂസിലാന്‍ഡ് – 3 – 1 – 2 – 0 – 33.33% – ബോക്സിങ് ഡേ 2019

 

Content Highlight: India’s tour of Australia 2024-25, Boxing Day Test