2024 അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെയാണ് ഫൈനലിനിറങ്ങുന്നത്. ആതിഥേയരായ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച് സഹരണും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ഫൈനലിനിറങ്ങുന്നത്.
അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഇത് ആറാം തവണയാണ് ഓസ്‌ട്രേലിയ ഫൈനലിന് യോഗ്യത നേടുന്നത്. ഇതില്‍ മൂന്ന് തവണ വിജയിച്ചപ്പോള്‍ രണ്ട് തവണ പരാജയപ്പെടുകയും ചെയ്തു. രണ്ട് തവണയും ഇന്ത്യയാണ് കുട്ടിക്കങ്കാരുക്കളെ പരാജയപ്പെടുത്തി ഫൈനലില്‍ കപ്പുയര്‍ത്തിയത്.
അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും ഡോമിനേറ്റിങ് ടീമായ ഇന്ത്യ ഇത് ഒമ്പതാം തവണയാണ് ഫൈനലിനിറങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച എട്ട് ഫൈനലില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ചപ്പോള്‍ മൂന്ന് മത്സരത്തില്‍ പരാജയം രുചിക്കുകയും ചെയ്തു.
2000ലാണ് ഇന്ത്യ ആദ്യമായി അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലിറങ്ങിയ കൗമാര നിര ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തി. ലങ്ക ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ത്യ മറ്റൊരു ഫൈനല്‍ കാണുന്നത്. അന്ന് എതിരാളികളായി എത്തിയതാകട്ടെ അയല്‍ക്കാരായ പാകിസ്ഥാനും. ഭാവിയിലെ മിന്നും താരങ്ങളായ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടെ മികച്ച നിരയുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല.
ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിലെ മോശം പ്രകടനങ്ങളിലൊന്ന് പിറന്നതും 2006 ഫൈനലിലായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 110 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ വെറും 71 റണ്‍സിന് പുറത്തായി.
തൊട്ടടുത്ത സീസണില്‍ (2008) ഇന്ത്യ വീണ്ടും ഫെനലില്‍ പ്രവേശിച്ചു. എന്നാല്‍ ഇത്തവണ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫ്യൂച്ചര്‍ ലെജന്‍ഡ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നിലംപരിശാക്കി തങ്ങളുടെ ചരിത്രത്തിലെ രണ്ടാം കിരീടം സ്വന്തമാക്കി.
2012ല്‍ ഉന്‍മുക്ത് ചന്ദിന് കീഴില്‍ ഇന്ത്യന്‍ കൗമാരം വീണ്ടും മറ്റൊരു കലാശപ്പോരാട്ടത്തിനിറങ്ങി. കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ കങ്കാരുക്കളെ ആറ് വിക്കറ്റിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്.
സ്‌കോര്‍
ഓസ്‌ട്രേലിയ – 225/8 (50)
ഇന്ത്യ – 227/4 (47.4)
2006ല്‍ ഫൈനലില്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയതിന് പത്ത് വര്‍ഷത്തിനിപ്പുറം ഇന്ത്യ വീണ്ടും ഫൈനലില്‍ തോല്‍വിയുടെ കയ്പുനീര്‍ രുചിച്ചു. ഇത്തവണ വിന്‍ഡീസാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യയുയര്‍ത്തിയ 146 റണ്‍സിന്റെ വിജയലക്ഷ്യം കരീബിയന്‍സ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
2018ല്‍ ഇന്ത്യ വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തി. ഇത്തവണ പൃഥ്വി ഷായാണ് ഇന്ത്യയെ നയിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ നാലാം കിരീടവും ഇന്ത്യന്‍ മണ്ണിലെത്തിച്ചു.
തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യ 2020ല്‍ കളിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണിലെ മാജിക് ആവര്‍ത്തിക്കാന്‍ പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തിലിറങ്ങിയ താരങ്ങള്‍ക്കായില്ല. അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയെ തോല്‍പിച്ചുവിട്ടത്.
2022ല്‍ വീണ്ടും ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിന്റെ കൗമാര താരങ്ങളെയാണ് ഇത്തവണ ഇന്ത്യക്ക് ഫൈനലില്‍ നേരിടാനുണ്ടായിരുന്നത്. മത്സരത്തില്‍ നാല് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ അഞ്ചാം കിരീടം തലയിലണിഞ്ഞത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു.
ഇപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം ഫൈനലിലാണ് ഇന്ത്യയിറങ്ങുന്നത്. കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാവുക.
2024 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാല്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ രണ്ടാമത് ടീമാകാനും ഇന്ത്യക്ക് സാധിക്കും. 2004, 2006 സീസണില്‍ കിരീടം നേടിയ പാകിസ്ഥാന്‍ മാത്രമാണ് നിലവില്‍ കിരീടം നിലനിര്‍ത്തിയ ഏക ടീം.
ഫെബ്രുവരി 11നാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം. സഹാറ പാര്‍ക്ക് വില്ലോമൂറാണ് വേദി.
Content highlight: India’s previous encounters in Under 19 World Cup Final