national news
'തീര്‍ന്നില്ല, ഇനിയും ലിസ്റ്റുണ്ട്'; ആയിരത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ വീണ്ടും ട്വിറ്ററിനോട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 08, 06:25 am
Monday, 8th February 2021, 11:55 am

ന്യൂദല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രകോപനപരമായ വാദങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ആയിരത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് വീണ്ടും ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.

ലിസ്റ്റ് ചെയ്ത 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പാകിസ്താന്‍, ഖലിസ്താന്‍ ഉപയോക്താക്കളുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രം പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ട്വിറ്റര്‍ കേന്ദ്രത്തിന്റെ ഉത്തരവ് പൂര്‍ണമായും പാലിച്ചിട്ടില്ല.

ജനുവരി 31ന് സമാനമായ കാരണങ്ങള്‍ ആരോപിച്ച് 257 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.

മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വിറ്റര്‍ ബ്ലോക്ക് നീക്കിയിരുന്നു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത കിസാന്‍ എക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂണിയന്റെ എക്താ ഉഗ്രഹന്‍ പ്രതിനിധികള്‍, ആംആദ്മി എം.എല്‍.എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

നിയമപരമായ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കാരവന്റെ അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നു എന്നായിരുന്നു അക്കൗണ്ട് തുറക്കുമ്പോള്‍ കാണിച്ചിരുന്നത്.
അക്കൗണ്ട് തടഞ്ഞുവെച്ച കാര്യം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം കാരവന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് ആണ് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററിന്റെ നടപടിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരത്തെ പിന്തുണക്കുന്ന ട്വീറ്റുകള്‍ ലൈക്ക് ചെയ്ത ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ രംഗത്ത് വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് 1178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഡോര്‍സിയുടെ നിലപാട് ട്വിറ്ററിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് സര്‍ക്കാര്‍ വാദം.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട പോപ് ഗായിക റിയാനയുടെ ട്വീറ്റ് ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തിരുന്നു. റിയാനയുടെ ട്വീറ്റ് ഇന്ത്യന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടര്‍ കരണ്‍ അത്തയ്യയുടെ ട്വീറ്റും ജാക്ക് ഡോര്‍സി ലൈക്ക് ചെയ്തിരുന്നു. ഡോര്‍സിയുടെ ഈ നിലപാടുകളിലാണ് കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Orders 1,178 Accounts Blocked, Flags Twitter CEO’s ‘Likes’: Sources