കൊല്‍ക്കത്ത: 2024 ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി മികച്ച മുന്നേറ്റേം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ് ബി.ജെ.പിയുടെ സീറ്റുകള്‍ കുറഞ്ഞതിന് കാരണമെന്നും അതിനാല്‍ മോദി ഉടന്‍ രാജി വെക്കണമെന്നും മമത പറഞ്ഞു.
ചൊവ്വാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു മമതയുടെ പ്രതികരണം.
‘ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം ലഭിക്കാത്തതില്‍ സന്തോഷമുണ്ട്. ഇത്തവണ 400 സീറ്റ് കടക്കുമെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസ്യത നേടുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ പ്രധാനമന്ത്രി രാജിവെക്കണം. വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയിട്ടും പണം ചെലവഴിച്ചിട്ടും മോദിയുടെയും അമിത് ഷായുടെയും അഹങ്കാരം തോല്‍ക്കുകയും ഇന്ത്യാ മുന്നണി വിജയിക്കുകയും ചെയ്തു,’ മമത ബാനര്‍ജി പറഞ്ഞു.
രാമക്ഷേത്രം പണിത് വോട്ട് പിടിക്കാന്‍ നോക്കിയിട്ടും അയോധ്യയില്‍ പോലും ബി.ജെ.പി പരാജയപ്പെട്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ജനങ്ങള്‍ക്ക് മമത നന്ദി പറയുകയും ചെയ്തു. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ 29 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ബി.ജെ.പിക്ക് സംസ്ഥാനത്ത് 12 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് ബംഗാളില്‍ ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.
Content Highlight: India has won, Modi has lost; Mamata Banerjee