ഇന്ത്യാ മുന്നണി പ്രധാനം; എന്നാൽ ഇപ്പോഴത്തെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെ
national news
ഇന്ത്യാ മുന്നണി പ്രധാനം; എന്നാൽ ഇപ്പോഴത്തെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 3:29 pm

ന്യൂദൽഹി: ഇന്ത്യാ മുന്നണി കോൺഗ്രസ് പാർട്ടിക്ക് നിർണായക ഘടകമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സഖ്യം രൂപീകരിച്ചപ്പോൾ കോൺഗ്രസിന് ഉണ്ടായ ആവേശം നിലവിൽ ഇല്ലാതിരിക്കുന്നതിനെ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ വിമർശിച്ചിരുന്നു. ഇതിനെ തുടർന്ന് നിതീഷ് കുമാറുമായി ഫോണിൽ സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ.

നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണിയുടെ അജണ്ടയിലും സംയുക്ത റാലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണെന്നും മല്ലികാർജുൻ ഖാർഗെ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോൺഗ്രസിന് താത്പര്യം ഇല്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. ഇന്ത്യ സഖ്യത്തിനെക്കാൾ കോൺഗ്രസ് പ്രാധാന്യം നൽകുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനാണെന്ന് നിതീഷ് കുമാർ വിമർശിച്ചു. 2024ലെ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച 28 പാർട്ടികളുടെ സഖ്യത്തിൽ കാര്യമായി ഒരു പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും നിതീഷ് കുമാർ ആരോപിച്ചിരുന്നു.

ബി.ജെ.പി ഹഠാവോ, ദേശ് ബച്ചാവോ (ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക) എന്ന പ്രമേയവുമായി സി.പി.ഐ പട്‌നയിൽ നടത്തിയ റാലിയിലാണ് ജെ.ഡി.യു നേതാവായ നിതീഷ് കുമാർ പരാമർശം നടത്തിയത്.

Content Highlight:  India front important; But the current target is the assembly elections: Mallikarjun Kharge