മണിപ്പൂരിന്റെയും മിസോറാമിന്റെയും സുരക്ഷയില്‍ ആശങ്ക; മ്യാന്‍മറിലെ കലാപങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ
national news
മണിപ്പൂരിന്റെയും മിസോറാമിന്റെയും സുരക്ഷയില്‍ ആശങ്ക; മ്യാന്‍മറിലെ കലാപങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st February 2024, 8:57 pm

ന്യൂദല്‍ഹി: മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യ. ആങ്സാന്‍ സൂകിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ സൈനിക അട്ടിമറി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍, മ്യാന്‍മര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ജനാധിപത്യത്തിലേക്ക് മാറണമെന്നും ഇന്ത്യ പറഞ്ഞു.

മ്യാന്‍മറിലെ മോശമായ അവസ്ഥയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അയല്‍രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമാധനപരമായ സംയുക്ത ചര്‍ച്ചകളിലൂടെയും രാജ്യത്ത് സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരുന്നതിലൂടെയും മ്യാന്‍മറിലെ നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

മ്യാന്‍മറിലെ അവസ്ഥകള്‍ ഇന്ത്യയുടെ തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിന്റെയും മിസോറാമിന്റെയും സുരക്ഷക്ക് വെല്ലുവിളി സൃഷ്ടിക്കുമോയെന്ന് ഭയപ്പെടുന്നുവെന്നും മന്ത്രാലയം അറിയിച്ചു. മ്യാന്‍മര്‍ സൈന്യം തങ്ങളുടെ എതിരാളികളെയും ഭരണത്തിനെതിരായി പോരാട്ടം നടത്തുന്നവരെയും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

അതേസമയം കഴിഞ്ഞ മാസം മ്യാന്‍മറിലെ വംശീയ ഗ്രൂപ്പുകളും ഭരണകൂടത്തിന്റെ സേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിന്നുണ്ടാവുന്ന സംഭവവികാസങ്ങള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞിരുന്നു.

ആഭ്യന്തര കലാപത്തില്‍ 2021 ഫെബ്രുവരി മുതല്‍ 4,400ലധികം മ്യാന്‍മര്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. 25,000 പേര്‍ അനധികൃതമായി അറസ്റ്റ് ചെയ്യപ്പെട്ടു. 2.6 ദശലക്ഷം ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: India calls for an end to the riots in Myanmar