Advertisement
Kerala News
മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ഹാള്‍ ഉദ്ഘാടനം ശനിയാഴ്ച; പേരിടുന്നതില്‍ യോഗം വിളിക്കേണ്ടി വന്നത് നാണക്കേടെന്ന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 28, 03:15 am
Friday, 28th April 2023, 8:45 am

കോഴിക്കോട്: മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ഹാളിന്റെ ഉദ്ഘാടനം ശനിയാഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഹാളിനോട് ചേര്‍ന്നുള്ള നൗഷാദ് പാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കണ്ടംകുളം ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാമൂഹ്യ നേതാക്കളുടെയും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഹാളിന് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പേര് നല്‍കാനുള്ള തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

തന്റെ കാലത്ത് തന്നെ അബ്ദുറഹ്‌മാന്റെ പേര് ജൂബിലി ഹാളിന് ഇടാന്‍ കഴിയാഞ്ഞതിലാണ് വിഷമമുള്ളതെന്ന് മുന്‍ മേയര്‍ എം.എം. പത്മാവതി പറഞ്ഞു. ഫെബ്രുവരി 28ന് പാര്‍ട്ടി നേതാക്കളുടെയും മാര്‍ച്ച് രണ്ടിന് കൗണ്‍സിലിന്റെയും തീരുമാനപ്രകാരമാണ് ഹാളിന് പേരിട്ടതെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ് പറഞ്ഞു.

നമുക്ക് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷിക്കാന്‍ കഴിയുന്നത് രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച അബ്ദുറഹ്‌മാന്‍ സാഹിബിനെപ്പോലെയുള്ളവര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് എന്നെങ്കിലും പേരിടുന്നതിനോട് വിയോജിക്കുന്നവര്‍ ഓര്‍ക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

മതവുമായി ബന്ധപ്പെടുത്തി അബ്ദുറഹ്‌മാന്റെ പേര് വിവാദമാക്കുന്നത് കോഴിക്കോടിന്റെ മതേതര പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണെന്നും പേരിടുന്നതുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു യോഗം വിളിക്കേണ്ടി വന്നത് നാണക്കേടാണെന്നും വിവിധ നേതാക്കള്‍ പറഞ്ഞു.

പേരിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ യോഗം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇറങ്ങിപ്പോയി. തളിയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നുവെന്നും സാമൂതിരി കുടുംബത്തെയും പ്രദേശവാസികളെയും യോഗത്തിന് വിളിച്ചില്ലെന്നും ആരോപിച്ച സജീവന്‍ ഹാള്‍ ഒരു വ്യക്തിയുടെ മാത്രം സ്മാരകമാകുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.

അതിനിടെ ഹാളിന് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പേരിടുന്നതില്‍ പിന്തുണയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ രംഗത്തെത്തി. സര്‍ക്കാരിന്റെ ഏത് സ്ഥാപനത്തിനും അബ്ദുറഹ്‌മാന്‍ സാഹിബിന്റെ പേര് ഉചിതമായി ചേരുമെന്നും അദ്ദേഹം കേരളത്തിന്റെ അമൂല്യ സമ്പത്താണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മാന്‍ഹോളില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ പേരാണ് ഹാളിനോട് തൊട്ടടുത്തുള്ള പാര്‍ക്കിന് നല്‍കുന്നത്.

ഹാളിന് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാള്‍ എന്ന് പേരിട്ടത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ഹാള്‍ എന്ന പേര് സ്വാതന്ത്ര്യ സമര സ്മരണകള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് ഹാള്‍ ആദ്യം നിര്‍മിച്ചതെന്നും പറഞ്ഞ സജീവന്‍ ഇപ്പോള്‍ നടന്ന പേര് മാറ്റം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും നേരത്തെ ആരോപിച്ചിരുന്നു. പേര് മാറ്റാനുള്ള തീരുമാനം സി.പി.ഐ.എമ്മിന്റെയും ഡെപ്യൂട്ടി മേയറുടെയും രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

തളി പൈതൃക കേന്ദ്രത്തിലെ ക്ഷേത്രസംസ്‌കാരത്തെയും സാംസ്‌കാരികത്തനിമയെയും പ്രദേശത്തെ മഹാരഥന്മാരെയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നടപടിയാണിതെന്നാണ് ബി.ജെ.പി പറയുന്നത്.

Content Highlights: Inauguration of Muhammad Abdurrahman Sahib Memorial Hall on Saturday