‘ഹിഗ്വിറ്റ’ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എന്‍.എസ്. മാധവനെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകനും മീഡിയവണ്‍ ചാനലിന്റെ എഡിറ്ററുമായ പ്രമോദ് രാമന്‍. ഖ്യാതി നേടിയ സാഹിത്യകൃതികളെ ആ നിലയ്ക്കുതന്നെ ആദരിക്കുന്ന സംസ്‌കാരമാണ് നമുക്കുള്ളതെന്ന് പ്രമോദ് രാമന്‍ പറഞ്ഞു. ‘പ്രെയ്സ് ദി ലോര്‍ഡ്’ സിനിമ എടുത്തവര്‍ സക്കറിയയുടെയും ‘അപ്പന്‍’ എടുത്തവര്‍ ഹരീഷിന്റെയും അനുവാദം വാങ്ങിയിരുന്നു എന്നും ഇതൊക്കെ പ്രാഥമികമായി കലയിലെ നൈതികതയുടെ വിഷയമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പ്രമോദ് പറഞ്ഞു.
‘ഹിഗ്വിറ്റ’ എന്‍.എസ്.മാധവന്റെ കഥയാണ്. ‘രണ്ടാമൂഴം’ എം.ടിയുടെ നോവലാണ്. ‘ബാല്യകാലസഖി’ ബഷീറിന്റെയും ‘ഉമ്മാച്ചു’ ഉറൂബിന്റെയും. ഇവയെല്ലാം ഖ്യാതി നേടിയ സാഹിത്യകൃതികള്‍ ആണ്. അവയെ ആ നിലയ്ക്കുതന്നെ ആദരിക്കുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ‘ചെമ്മീന്‍’ എന്നപേരില്‍ തകഴിയുടെയല്ലാത്ത ഒരു കഥ വച്ച് ആരും സിനിമ എടുക്കാന്‍ തയ്യാറാകുമായിരുന്നില്ല. ‘എലിപ്പത്തായം” എന്നപേരില്‍ ഒരാള്‍ നോവലും എഴുതില്ല.
ഞാന്‍ മനസ്സിലാക്കുന്നത് ‘പ്രെയ്സ് ദി ലോര്‍ഡ്’ സിനിമ എടുത്തവര്‍ സക്കറിയയുടെയും ‘അപ്പന്‍’ എടുത്തവര്‍ ഹരീഷിന്റെയും അനുവാദം വാങ്ങിയിരുന്നു എന്നാണ്. ക്രെഡിറ്റ്‌സില്‍ കണ്ടിരുന്നു. ഇതൊക്കെ പ്രാഥമികമായി കലയിലെ നൈതികതയുടെ വിഷയമാണ്. ആ കൃതികളുടെ അനിതരമായ മൗലികത ഒരു സമ്പത്തായി കാണുന്ന നൈതികത. അത് നിലനിര്‍ത്തിപ്പോരേണ്ടത് നമ്മുടെ ധാര്‍മികതയാണ്,’ പ്രമോദ് രാമന്‍ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹിഗ്വിറ്റ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഹേമന്ത് ജി. നായര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിനെതിരെ എന്‍.എസ്. മാധവന്‍ രംഗത്തെത്തുകയായിരുന്നു.
‘ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എന്‍.എസ. മാധവന്‍ ട്വീറ്റ് ചെയ്തത്. ‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’, എന്നാണ് എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്.
എന്‍.എസ്. മാധവനെ പിന്തുണച്ച് എഴുത്തുകാരനും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദന്‍ രംഗത്തെത്തിയിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍.എസ്. മാധവന്റെ കഥയിലൂടെയാണ്. ആ പേരില്‍ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതില്‍ അനീതിയുണ്ടെന്ന് കെ. സച്ചിദാനന്ദന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കെ. സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. ‘ഹിഗ്വിറ്റ’ എന്ന പേരില്‍ സിനിമ വരുന്നത് നീതികേടാണ്. എന്‍ എസ് മാധവന്റെ കഥയാവും സിനിമ എന്ന് പലരും ധരിക്കും. അത് സിനിമക്കാരന്റെ കബളിക്കലുണ്ടെന്ന് കരുതുന്നുവെന്നും അങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും കെ. സച്ചിദാനന്ദന്‍ പറഞ്ഞു.
ഹിഗ്വിറ്റ എന്ന പേര് കേള്‍ക്കുന്നത് എന്‍.എസ് മാധവന്റെ പുസ്തകം പുറത്തുവന്നപ്പോഴാണെന്നും എന്‍.എസ് മാധവന് സ്വന്തം കുട്ടിയെ മറ്റൊരാള്‍ അപഹരിക്കുമ്പോള്‍ വേദനയുണ്ടാകുമെന്നുമാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ് ട്വീറ്റ് ചെയ്തത്. ന്യായീകരണം പറയാതെ ഹേമന്തിനും സുരാജ് വെഞ്ഞാറമൂടിനും സിനിമയുടെ പേര് മാറ്റിക്കൂടെയെന്നും കെ.സി. ജോസഫ് ചോദിച്ചു.
Content Highlight: In the high controversy related to the movie Higuita, Pramod Raman supported ns Madhavan