Kerala News
ഇന്ത്യ വിഷനുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ എം.കെ. മുനീറിന് പിഴ ചുമത്തി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 26, 02:51 am
Sunday, 26th January 2025, 8:21 am

കോഴിക്കോട്: ഇന്ത്യ വിഷന്‍ ചാനലുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ ചാനലിന്റെ ചെയര്‍മാനായിരുന്ന മുന്‍മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ എം.കെ. മുനീറിന് പിഴ ചുമത്തി കോടതി. കോഴിക്കോട് ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. എം.കെ. മുനീറിന്റെ ഭാര്യക്കെതിരെയും ഈ കേസില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്.

2012ല്‍ ഇന്ത്യ വിഷന്റെ ആവശ്യങ്ങള്‍ക്കായി മുനീര്‍ അഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയ 1,34,25000 രൂപ തിരിച്ചു നല്‍കുന്നതിനായി നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയതിലാണ് നടപടി. അഡ്വ. സാഹിര്‍ മുഖേനയാണ് പരാതിക്കാരനായ മുനീര്‍ അഹമ്മദ് കോടതിയെ സമീപിച്ചത്.

2003 ജൂലൈ 14നാണ് എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ ആദ്യത്തെ 24 മണിക്കൂര്‍ വാര്‍ത്താചാനലായ ഇന്ത്യ വിഷന്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഇന്നത്തെ ഒട്ടുമിക്ക വാര്‍ത്താ ചാനലുകളിലും ജോലി ചെയ്യുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ പലരുടെയും സ്‌കൂളായിരുന്നു ഇന്ത്യ വിഷന്‍. മലയാളത്തിലെ ചാനല്‍ വാര്‍ത്താ സംസ്‌കാരം വളര്‍ന്നതും ഇന്ത്യ വിഷനൊപ്പമായിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം.വി. നികേഷ് കുമാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ ഇന്ത്യ വിഷന്റെ ഭാഗമായിരുന്നവരാണ്.

2004ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പുറത്തുകൊണ്ടു വന്നതും ഇന്ത്യ വിഷനായിരുന്നു. ഇന്ത്യ വിഷനിലൂടെയായിരുന്നു റജീനയെന്ന സ്ത്രീ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതിന്റെ പേരില്‍ ഇന്ത്യ വിഷന്റെ ഓഫീസിന് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണങ്ങളുണ്ടായി.

സാമ്പത്തിക പ്രതിസന്ധിയും മറ്റും കാരണം 2015 മാര്‍ച്ച് 31നാണ് ഇന്ത്യ വിഷന്‍ സംപ്രേഷണം അവസാനിപ്പിച്ചത്. സംപ്രേഷണം അവസാനിപ്പിച്ചതിലും ഇന്ത്യ വിഷന്‍ വ്യത്യസ്ത പുലര്‍ത്തിയിരുന്നു. ഓണ്‍ എയറില്‍ തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടും മാനേജ്‌മെന്റിനെതിരായ പ്രതിഷേധം അറിയിച്ചുകൊണ്ടുമാണ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.

content highlights: In the check case related to India Vision, The court fined M.K. Muneer