ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റ് അടച്ചുപൂട്ടിയതിനെതിരെ സമരം ശക്തമാകുന്നു; ഐ.ഐ.ടി അധികൃതരുടേത് തൊട്ടുകൂടായ്മായെന് പ്രതിഷേധക്കാര്‍
Caste Discrimination
ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റ് അടച്ചുപൂട്ടിയതിനെതിരെ സമരം ശക്തമാകുന്നു; ഐ.ഐ.ടി അധികൃതരുടേത് തൊട്ടുകൂടായ്മായെന് പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 12:42 pm

ചെന്നെ: ദളിത് സമൂഹങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റ് സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയതിനെതിരെ ചെന്നൈ ഐ.ഐ.ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ക്യാമ്പസില്‍ കൂടുതല്‍ ശക്തി പ്രാപിച്ചുവരികയാണ്. ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തിന് പൊതുസമൂഹത്തില്‍ നിന്നും പിന്തുണയേറി വരികയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് ഐ.ഐ.ടി മദ്രാസിലെ കൃഷ്ണ ഗേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഐ.ഐ.ടി ആരംഭിച്ച കാലം മുതല്‍ ആദി ദ്രാവിഡ വിഭാഗക്കാര്‍ പ്രധാനമായും താമസിക്കുന്ന വേലച്ചേരിയോട് ചേര്‍ന്നുള്ള ഈ പ്രവേശന കവാടം ഉപയോഗത്തിലുണ്ട്.

കൃഷ്ണ ഗേറ്റ് പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ തമ്പടിക്കുന്നുവെന്നും ഇത് സുരക്ഷാഭീഷണികള്‍ ഉയര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഗേറ്റ് അടച്ചുപൂട്ടുന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്. അനാവശ്യ ഘടകങ്ങളെ ക്യാമ്പസില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ടാണ് ഈ തീരുമാനമെന്നും ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തിയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഐ.ഐ.ടി സ്ഥാപിക്കുന്നതിനായി 76 ഏക്കര്‍ ഭൂമിയാണ് അന്ന് വേലച്ചേരി നിവാസികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ ഇവരുടെ ആരാധനാ കേന്ദ്രമായ പീലിഅമ്മന്‍ കോവിലും ഉള്‍പ്പെട്ടു. ഭൂമി നല്‍കിയതിന് പകരമായി ക്യാമ്പസിലേക്ക് പ്രവേശനവും ജോലിയും വേലച്ചേരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.ടിയില്‍ പഠിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംവരണനടപടികളും അന്നത്തെ സര്‍ക്കാരിന്റെയും ഐ.ഐ.ടി അധികൃതരുടെയും നേതൃത്വത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

തികച്ചും ജാതീയമായ തീരുമാനമായി മാത്രമേ ഗേറ്റ് പൂട്ടിയ നടപടിയെ കാണാന്‍ കഴിയൂ എന്നാണ് വിഷയത്തോടുള്ള വേലച്ചേരി നിവാസികളുടെ പ്രതികരണം. ക്യാമ്പസിന്റെ മറ്റു ഭാഗങ്ങളില്‍ ബ്രാഹ്മണരും മറ്റു വിഭാഗക്കാരും താമസിക്കുന്ന ഭാഗങ്ങളിലേക്കുള്ള കവാടങ്ങള്‍ അടച്ചുപൂട്ടാതെ ദളിത് വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന ഭാഗത്തേക്കുള്ള കവാടം മാത്രം അടച്ചതും അനാവശ്യഘടകങ്ങള്‍ എന്ന പരാമര്‍ശവും പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗേറ്റ് അടച്ചതിനെതിരെ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനികളാണ് പ്രധാനമായും സമരത്തിനിറങ്ങിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഗേറ്റ് പൂട്ടുന്നതെന്ന അധികൃതരുടെ വാദം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. കുറച്ചു നാളുകള്‍ക്ക് മുമ്പ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമം നടന്നിരുന്നു എന്നാല്‍ അത് കൃഷ്ണ ഗേറ്റ് പരിസരത്തല്ലെന്നും രാത്രിയില്‍ പോലും തികച്ചും സുരക്ഷിതമായി കടന്നുപോകാവുന്ന പ്രദേശമാണ് വേലച്ചേരിയെന്നും പ്രതിഷേധ സമരത്തിനിറങ്ങിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാണിക്കുന്നു. ഗേറ്റ് തുറക്കണമെന്ന ആവശ്യമുന്നയിച്ച് ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. 1500 വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച നിവേദനവും ഇവര്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

സമരം ശക്തമായതോടെ വിവിധ സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ട് തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് നിയമസഭയിലും വിഷയം ചര്‍ച്ചയായിരുന്നു.

തമിഴ്‌നാടില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും വി.സി.കെ പാര്‍ട്ടി നേതാവുമായ തോള്‍ തിരുമാവളവന്‍ വിഷയത്തില്‍ ഐ.ഐ.ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ‘മറ്റു വിഭാഗക്കാര്‍ താമസിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നുകിടക്കുകയും ആദിദ്രാവിഡ വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന ഭാഗത്തേക്ക് മാത്രമുള്ള ഗേറ്റ് അടച്ചിടുകയും ചെയ്യുന്നത് തൊട്ടുകൂടായ്മ തന്നെയാണ്. ഈ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ജാതീയമായ നിയമലംഘനം കൂടിയാണിത്.’ തിരുമാവളവന്‍ കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൃഷ്ണ ഗേറ്റ് പരിസരത്ത് നിന്നും ആറ് മാസം മുന്‍പ് നിരോധിച്ച ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ചില സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്തിരുന്നെന്നും എന്നാല്‍ ആ ഒരു ഗേറ്റ് പരിസരത്ത് മാത്രം നടക്കുന്ന സംഭവമല്ലെന്നും എ.സി.പി പി.കെ രവി ഹഫിങ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. അവിടെ താമസിക്കുന്ന ജനങ്ങളെ മുഴുവന്‍ ഇക്കാര്യത്തില്‍ കുറ്റക്കാരായി കാണാന്‍ സാധിക്കുകയില്ലെന്നും എ.സി.പി വ്യക്തമാക്കി.