D' Election 2019
കശ്മീരിനെ വേര്‍പെടുത്താന്‍ അനുവദിക്കില്ല; മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ കശ്മീരിന്റെ സ്വയംഭരണാധികാരം പിന്‍വലിക്കുമെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 27, 12:44 pm
Saturday, 27th April 2019, 6:14 pm

മേദിനിനഗര്‍: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയാല്‍ ജമ്മുകശ്മീരിനു സ്വയംഭരണാധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പിന്‍വലിക്കുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ജാര്‍ഖണ്ഡിലെ പാലമാവ് ജില്ലയില്‍ നടന്ന പൊതുറാലിയില്‍ വെച്ചായിരുന്നു ഷായുടെ പ്രഖ്യാപനം.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനില്‍ നിന്നുള്ള ഭീകരസംഘടനകള്‍ തുടര്‍ച്ചയായി ഇന്ത്യയെ ലക്ഷ്യംവെച്ചിരുന്നു. ഭീകരര്‍ ജവാന്മാരുടെ തലയറുക്കുക വരെ ചെയ്തു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാനാകില്ല.

പാകിസ്താന് ഇന്ത്യയില്‍ നിന്നു കശ്മീരിനെ വേര്‍പെടുത്തണം. അതു ഞങ്ങള്‍ അനുവദിക്കില്ല. ഇങ്ങോട്ട് ഒരു വെടിയുണ്ട വന്നാല്‍ അങ്ങോട്ട് ഒരു ഷെല്‍ പോകുമെന്നും ഷാ പറഞ്ഞു.

കശ്മീരിനു പ്രത്യേക പ്രധാനമന്ത്രി വേണമെന്നതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പ്രസ്താവനയ്‌ക്കെതിരേയും ഷാ രംഗത്തെത്തി. കശ്മീര്‍ ഇന്ത്യയുടെ അവിഭജിത ഘടകമാണെന്നു പറഞ്ഞ ഷാ ഒരു രാജ്യത്തു തന്നെ രണ്ട് പ്രധാനമന്ത്രിമാര്‍ വേണോയെന്നു ചോദിച്ചു.

ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം രാജ്യം മധുരം കഴിച്ച് സന്തോഷിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെയും പാകിസ്താന്റെയും മുഖത്ത് ഇരുട്ട് വീണിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.