Bihar Election
'അബദ്ധത്തില്‍ നിതീഷ് ജയിച്ചാല്‍ അന്ന് തുടങ്ങും ബീഹാറിന്റെ നാശം'; വര്‍ഗ്ഗീയത വളര്‍ത്തുന്നയാളാണ് നീതിഷെന്ന് ചിരാഗ് പാസ്വാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 21, 08:03 am
Wednesday, 21st October 2020, 1:33 pm

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ നിതീഷെങ്ങാനും ജയിച്ചാല്‍ ബീഹാര്‍ നശിക്കുമെന്ന് ചിരാഗ് പറഞ്ഞു.

‘ വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍ അതോടെ തുടങ്ങും ബീഹാറിന്റെ നാശം. അയാള്‍ സംസ്ഥാനത്തെ ജാതീയ പ്രശ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. വര്‍ഗ്ഗീയത വളര്‍ത്തുന്ന ഒരു നേതാവിന് കീഴില്‍ എങ്ങനെയാണ് ബീഹാര്‍ വികസിക്കുക- ചിരാഗ് പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാനിഫെസ്റ്റോ പ്രകാശനത്തിനിടെയായിരുന്നു ചിരാഗിന്റെ വിമര്‍ശനം. ബീഹാറിന്റെ അടിസ്ഥാനാവശ്യങ്ങള്‍ തങ്ങള്‍ നിറവേറ്റുമെന്നും തെരഞ്ഞെടുപ്പ് പത്രികയില്‍ അവയെല്ലാം ഉള്‍പ്പെടുത്തുമെന്നും ചിരാഗ് പറഞ്ഞു.

സംസ്ഥാനത്തെ തൊഴില്‍രഹിതരായവര്‍ക്കായി ഒരു വെബ് പോര്‍ട്ടല്‍ സ്ഥാപിക്കുമെന്നും എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായി ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്നും ചിരാഗ് പറഞ്ഞു.

അതേസമയം ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് നടക്കാനിരിക്കേ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി സഖ്യമുപേക്ഷിച്ച് പുറത്തുപോയത് എന്‍.ഡി.എയില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായുളള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചിരാഗ് പാസ്വാന്‍ എടുക്കുന്നത്.

ഇതിന് പിന്നാലെ ബീഹാറിലെ ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ലോക് ജനശക്തി പാര്‍ട്ടിയിലേക്ക് പോയിരുന്നു.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലാണ് വോട്ടെടുപ്പ്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Chirag Paswan Slams Nitish Kumar