2024ലും മോദി അധികാരത്തില്‍ വന്നാല്‍ 'നരേന്ദ്ര മോദി ഭരണഘടന' കൊണ്ടുവരും: ജനതാദള്‍
national news
2024ലും മോദി അധികാരത്തില്‍ വന്നാല്‍ 'നരേന്ദ്ര മോദി ഭരണഘടന' കൊണ്ടുവരും: ജനതാദള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2023, 3:38 pm

ന്യൂദല്‍ഹി: രാജ്യത്തെ സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റുന്നതില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ജനതാദള്‍ അധ്യക്ഷന്‍ ലാലന്‍ സിങ്. 2024 ല്‍ നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വന്നാല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ കൊണ്ടുവന്ന ഭരണഘടനയെ മാറ്റി പകരം നരേന്ദ്ര മോദി ഭരണഘടന കൊണ്ടുവരുമെന്ന് ലാലന്‍ സിങ് പറഞ്ഞു.

‘2024ലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വന്നാല്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ കൊണ്ടുവന്ന ഭരണഘടനയെ മാറ്റി നരേന്ദ്ര മോദി ഭരണഘടന അദ്ദേഹം കൊണ്ടുവരും. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി എന്ത് വികസന പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്ന് പറയണം,’ ലാലന്‍ സിങ് പറഞ്ഞു.

മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം നിരവധി സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പേരുകള്‍ മാറ്റിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍.എം.എം.എല്‍) പേര് മാറ്റി ‘പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കിയിരുന്നു. 1964ല്‍ നെഹ്‌റുവിന്റെ 75-ാം ജന്മവാര്‍ഷികത്തിലാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം സ്ഥാപിച്ചിരുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.എം.എം.എല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിന് ശേഷമാണ് പേരുമാറ്റിയത്.

നേരത്തെ, രാജ്യ തലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാക്കിയും മാറ്റിയിരുന്നു. രാഷ്ട്രപതി ഭവന്‍ മുതല്‍ നേതാജി പ്രതിമ വരെയുള്ള മുവുവന്‍ ഭാഗത്തിന്റെയും പേരായിരുന്നു കര്‍ത്തവ്യപഥ് എന്നാക്കി മാറ്റിയത്. രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണിപ്പോള്‍ കര്‍ത്തവ്യപഥ്. കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റിയത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

Content Highlights: If Narendra modi returns to power in 2024, he will change the constitution:lalan singh