ന്യൂദല്‍ഹി: ദേശീയ മാധ്യമങ്ങളൊക്കെ കൊറോണ വൈറസും ജ്യോതിരാദിത്യ സിന്ധ്യയുടെ കൂറ് മാറ്റവും കാര്യമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരിക്ക് വളരെ വ്യത്യസ്തമായ വിഷയമായിരുന്നു ചര്‍ച്ചചെയ്യാനുണ്ടായിരുന്നത്. ജമ്മുകശ്മീരില്‍ നിലവിലുള്ള നിയമത്തിന്റെ പഴുതില്‍ മുസ്‌ലിങ്ങള്‍ ഭൂമി വാങ്ങിക്കൂട്ടുകയും അത് ഭൂമി ജിഹാദ് ആണെന്നുമാണ് സുധീര്‍ ചൗധരിയുടെ വാദം. സുധീര്‍ ചൗധരിയുടെ വിവാദ ചര്‍ച്ചയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ സിന്ധ്യയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതിനെക്കാളും പ്രാധാന്യമുള്ള വാര്‍ത്ത ഇവിടെ ഉണ്ട്. പക്ഷേ മാധ്യമ അജണ്ടയ്ക്ക് എതിരായതുകൊണ്ട് ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു സുധീര്‍ ചൗധരി തന്റെ വിവാദ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
90 ശതമാനം മുസ്‌ലിങ്ങള്‍ ഹിന്ദുഭൂരിപക്ഷസ്ഥലമായ ജമ്മുവില്‍ പുനരധിവസിക്കപ്പെട്ടെന്നും സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ മാറ്റം വരുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നുമാണ് സുധീര്‍ ചൗധരിയുടെ ആരോപണം.
ജമ്മുകാശ്മീരില്‍ നിലവിലുള്ള റോഷ്ണി ആക്ട് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചൗധരി തന്റെ പരിപാടി ആരംഭിച്ചത്. ഈ ആക്ട് അനുസരിച്ച് ജമ്മുവില്‍ 25000 ആളുകകളേയും 5000 പേരെ കശ്മീരിലും സര്‍ക്കാര്‍ ഭൂമിയില്‍ പുനരധിവസിപ്പിച്ചുവെന്ന് ചൗധരി പറഞ്ഞു.
അതിന് ശേഷം ജിഹാദിന്റെ രൂപരേഖ കാണിച്ച ചൗധരി ഹാര്‍ഡ് ജിഹാദി , സോഫ്റ്റ് ജിഹാദി എന്നീ രണ്ട് തരത്തിലുള്ള ജിഹാദികളാണുള്ളതെന്നും പറഞ്ഞു.