തൊടുപുഴ: ഇടുക്കി തടാകത്തിലെ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ഇന്നലെത്തന്നെ റെഡ് അലര്‍ട്ട് പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിയോടെ ഡാമിലെ ജലനിരപ്പ് 2400.38 അടിയായിരുന്നു.
Read: ഇടുക്കിയില്‍ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു
ഇന്ന് രാവിലെ ആറു മണിയോടെ ജലനിരപ്പ് 2400.94 അടിയായി. ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണ്. ഇതാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറക്കാനുള്ള കാരണം. അണക്കെട്ടിലെ നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ 50 സെന്റിമീറ്റര്‍ എന്നത് 100 ആക്കി ഉയര്‍ത്തിയേക്കും.
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. അതേസമയം, ഇടുക്കിയില്‍ 24 മണിക്കൂര്‍ സമയം നല്‍കി പരീക്ഷണത്തുറക്കല്‍ നടത്താനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം.
എന്നാല്‍ എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണക്കെട്ടു തുറന്ന സാഹചര്യത്തിലാണു കെ.എസ്.ഇ.ബി അപ്രതീക്ഷിതമായി തീരുമാനം മാറ്റിയത്. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31ന് ട്രയല്‍ റണ്‍ ആരംഭിച്ചത്.
Read: മഴക്കെടുതി; തമിഴ്‌നാട് കേരളത്തിന് 5 കോടി രൂപ നല്‍കും
മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടരുകയായിരുന്നു.