ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേരിലും ലക്ഷണമായി കണ്ടുവരുന്നത് ശ്വാസതടസ്സമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ തീവ്രലക്ഷണങ്ങള്‍ അധികമായി രോഗികളില്‍ കാണുന്നില്ലെന്നും എന്നാല്‍ രോഗികളില്‍ ശ്വാസതടസ്സം കൂടുതലായി കണ്ടുവരുന്നതായും ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യ തരംഗത്തില്‍ വരണ്ടചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത്. എന്നാല്‍ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും മരണനിരക്കില്‍ കാര്യമായ മാറ്റമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ യുവാക്കളും കുട്ടികളുമാണ് കൂടുതല്‍ രോഗബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി. ‘ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ രോഗബാധിതരായവരില്‍ 70 ശതമാനവും 40 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. കൊവിഡ് ബാധിതരായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണുള്ളത്.
ആദ്യ തരംഗത്തില്‍ കൊവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസ്സായിരുന്നു. രണ്ടാം തരംഗത്തില്‍ ഇത് 49 വയസ്സാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവര്‍ക്ക് തന്നെയാണ്.
0-19 വരെയുള്ള പ്രായക്കാരില്‍ ആദ്യ തരംഗത്തിലെ രോഗബാധാ നിരക്ക് 4.2ശതമാനവും രണ്ടാം തരംഗത്തില്‍ 5.8 ശതമാനവുമാണ്. 20-40 വരെ പ്രായമുള്ളവരില്‍ ആദ്യ തരംഗത്തില്‍ 23 ശതമാനവും രണ്ടാം തരംഗത്തില്‍ 25 ശതമാനവുമാണ് രോഗബാധാനിരക്ക്. നേരിയ വ്യത്യാസം മാത്രമേ ഇതിലുള്ളൂ. രോഗബാധിതരില്‍ 70 ശതമാനത്തില്‍ അധികം പേരും നാല്‍പ്പതോ അതിനു മുകളിലോ പ്രായമുള്ളവരാണെന്നും’, ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ച, വൈറസിന് ഉണ്ടായ ജനിതകവ്യതിയാനം എന്നിവ ചില ആശങ്കകളായി നില്‍ക്കുകയാണ്. ബ്രിട്ടനിലും ബ്രസീലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് വ്യാപനശേഷി കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ ഇരട്ട ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് അതിവ്യാപന ശേഷി ഉണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശ്വാസതടസ്സം അനുഭവപ്പെടുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ ആവശ്യകത വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക