Sports News
ടി-20 ലോകകപ്പില്‍ വീണ്ടുമൊരു ഇന്ത്യ - സൗത്ത് ആഫ്രിക്ക ഫൈനല്‍; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 09:32 am
Friday, 31st January 2025, 3:02 pm

ഐ.സി.സി അണ്ടര്‍ 19 വുമണ്‍സ് ടി-20 ലോകകപ്പില്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്ത് ഇന്ത്യ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. കോലാലംപൂരിലെ ബയൂമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 30 പന്ത് ബാക്കി നില്‍ക്കവെ അനായാസം മറികടന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍ ഡാവിന പെറിന്‍ സമ്മാനിച്ചത്. ജെമീമ സ്‌പെന്‍സിനെ ഒരു വശത്ത് നിര്‍ത്തി പെറിന്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നു.

ടീം സ്‌കോര്‍ 37ല്‍ നില്‍ക്കവെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ സ്‌പെന്‍സിനെ പുറത്താക്കി പരുണിക സിസോദിയ ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കി. എട്ട്  പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെയാണ് സ്‌പെന്‍സ് പുറത്തായത്. പിന്നാലെയെത്തിയ ട്രൂഡി ജോണ്‍സനെയും അതേ ഓവറില്‍ മടക്കി സിസോദിയ വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ആബിഗേല്‍ നോര്‍ഗ്രോവ് ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് ആത്മവിശ്വാസം വീണ്ടെടുത്തു. ഒരു വശത്ത് നിന്ന് പെറിനും മറുവശത്ത് നിന്ന് ആബിഗേലും വേഗം കുറവെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

12ാം ഓവറിലെ അഞ്ചാം പന്തില്‍ ആയുഷി ശുക്ലയുടെ പന്തില്‍ പെറിന്‍ പുറത്തായി. 40 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. ഇംഗ്ലണ്ട് സ്‌കോര്‍ 81ല്‍ നില്‍ക്കവെയാണ് മൂന്നാം വിക്കറ്റായി ഓപ്പണര്‍ തിരിച്ചുനടന്നത്.

അധികം വൈകാതെ ക്യാപ്റ്റനെയും പുറത്താക്കി ഇന്ത്യ വീണ്ടും തിരിച്ചടിച്ചു. 25 പന്തില്‍ 30 റണ്‍സ് നേടി നില്‍ക്കവെയാണ് ആബിഗേല്‍ പുറത്താകുന്നത്.

പിന്നാലെയെത്തിയവരില്‍ അമൃത സുരെന്‍കുമാറിനൊഴികെ മറ്റാര്‍ക്കും തന്നെ ഇരട്ടയക്കം കാണാന്‍ സാധിക്കാതെ പോയതോടെ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു. പുറത്താകാതെ 14 റണ്‍സാണ് അമൃത സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി പരുണിക സിസോദിയയും വൈഷ്ണവി ശര്‍മയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ആയുഷി ശുക്ലയാണ് ശേഷിച്ച രണ്ട് വിക്കറ്റും നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ തൃഷ ഗോംഗാഡിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 29 പന്തില്‍ 35 റണ്‍സ് നേടി നില്‍ക്കവെയാണ് ഗോംഗാഡി പുറത്തായത്. ഫോബ് ബ്രെറ്റാണ് വിക്കറ്റ് നേടിയത്.

വണ്‍ ഡൗണായെത്തിയ സനിക ചാല്‍കയെ ഒപ്പം കൂട്ടി ഓപ്പണര്‍ കമാലിനി ജി. സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ കമാലിനി ഇന്ത്യയെ കലാശപ്പോരാട്ടത്തിലേക്കും നയിച്ചു. ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.

കമാലിനി 50 പന്തില്‍ 56 റണ്‍സും ചാല്‍കെ 12 പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

ഇപ്പോള്‍ മറ്റൊരു ഇന്ത്യ – സൗത്ത് ആഫ്രിക്ക ലോകകപ്പ് ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്കന്‍ കൗമാരങ്ങള്‍ ഫൈനലിന് യോഗ്യത നേടിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 105 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക മറികടന്നത്. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ വാന്‍ വിക്കാണ് സൗത്ത് ആഫ്രിക്കയുടെ വിജയശില്‍പി.

തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് ഇപ്പോള്‍ ഇന്ത്യ കച്ച മുറുക്കുന്നത്. 2023ല്‍ നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷനില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യ ഫൈനലിനിറങ്ങിയത്.

ഷെഫാലി വര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയും വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ കിരീടം സമ്മാനിക്കുകയും ചെയ്തു.

ഇപ്പോള്‍ ഷെഫാലിയും സംഘവും നേടിയ കിരീടനേട്ടം ആവര്‍ത്തിക്കാനാണ് നിക്കി പ്രസാദും സംഘവും കച്ചമുറുക്കുന്നത്.

 

Content highlight: ICC U19 Women’s T20 World Cup, India qualified for the final