Champions Trophy
'അതൊക്കെ നമ്മുടെ ഇന്ത്യ'; ഇങ്ങനെ ഒരു ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്ന് പാകിസ്ഥാനില്‍ ആരോടും പറഞ്ഞില്ലേ? ചോദ്യവുമായി വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 19, 11:51 am
Wednesday, 19th February 2025, 5:21 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഒമ്പതാം എഡിഷന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. എട്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ പാകിസ്ഥാന്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരം പുരോഗമിക്കവെ സ്‌റ്റേഡിയത്തില്‍ വലിയ തോതിലുള്ള ആരാധകക്കൂട്ടമില്ലാത്തതിനെ ചോദ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. 1996 ലോകകപ്പിന് ശേഷം ഐ.സി.സി ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാന് അഭിനന്ദനങ്ങളറിയിക്കുന്നുവെന്നും എന്നാല്‍ സ്റ്റേഡിയത്തില്‍ കാണികളെവിടെ എന്നുമാണ് വോണ്‍ ചോദിക്കുന്നത്.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു വോണിന്റെ വിമര്‍ശനം.

‘പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത് കാണുന്നത് ഏറെ സന്തോഷം നല്‍കുന്നു. 1996ന് ശേഷം ഇവിടെ നടക്കുന്ന ആദ്യ മേജര്‍ ഇവന്റ്. ഇങ്ങനെയൊന്ന് ആരംഭിച്ചു എന്ന കാര്യം നാട്ടുകാരെ അറിയിക്കാന്‍ ഇവര്‍ മറന്നുപോയോ? സ്‌റ്റേഡിയത്തില്‍ ആളുകളെവിടെ?’ എന്നാണ് വോണ്‍ ചോദിച്ചത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരമായിരുന്നിട്ടും അതും ഹോം ടീമിന്റെ മത്സരമായിന്നിട്ടും സ്റ്റേഡിയത്തിലേക്ക് ആളുകളെത്താത്തത് ചര്‍ച്ചയാകുന്നുണ്ട്.

റാവല്‍പിണ്ടിയിലെയും ലാഹോറിലെയും മത്സരങ്ങള്‍ക്കായി കാത്തുനില്‍ക്കൂ, നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയം കാണാനാകും, ഇത് വര്‍ക്കിങ് ഡേ ആണ്, അഞ്ച് മണിക്ക് ശേഷം കാണികളെത്തുമെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

അതേസമയം, 2023 ലോകകപ്പില്‍ ഹോം ടീമായ ഇന്ത്യയുടെ എല്ലാ മത്സരത്തിലും അദ്യ ഓവര്‍ മുതല്‍ നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയമായിരുന്നു കാഴ്ചയെന്ന് ഓര്‍മിപ്പിക്കുന്നവരും കുറവല്ല.

അതേസമയം, മത്സരം 34 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 105 പന്തില്‍ 99 റണ്‍സുമായി വില്‍ യങ്ങും 56 പന്തില്‍ 47 റണ്‍സുമായി ടോം ലാഥവുമാണ് ക്രീസില്‍.

 

 

Content Highlight: ICC Champions Trophy: Michael Vaughan about the empty stands in PAK vs NZ match