Champions Trophy
ആ കവര്‍ ഡ്രൈവ് അന്ത്യം കുറിച്ചത് സാക്ഷാല്‍ സച്ചിന്റെ തേര്‍വാഴ്ചയ്ക്ക്; മൂന്നാമനായി ഒന്നാം സ്ഥാനത്തേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 23, 02:39 pm
Sunday, 23rd February 2025, 8:09 pm

 

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ റെക്കോഡുകള്‍ക്ക് പിന്നാലെ റെക്കോഡുകളുമായി ഇന്ത്യന്‍ സൂപ്പര്‍ താരവും മോഡേണ്‍ ഡേ ലെജന്‍ഡുമായ വിരാട് കോഹ്‌ലി. ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന ചരിത്ര നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

ഈ ചരിത്ര നേട്ടത്തിലെത്തുന്ന മൂന്നാമത് മാത്രം താരമാണ് വിരാട് കോഹ്‌ലി. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുമാര്‍ സംഗക്കാരയും മാത്രമാണ് ഇതിന് മുമ്പ് ഏകദിനത്തില്‍ 14,000 റണ്‍സ് മാര്‍ക്ക് പിന്നിട്ടത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമായാണ് വിരാട് കോഹ്‌ലി തന്റെ കരിയര്‍ മൈല്‍സ്റ്റോണിനെ ക്രിക്കറ്റ് ചരിത്രമായി അടയാളപ്പെടുത്തിയത്. തന്റെ കരിയറിലെ 287ാം ഇന്നിങ്‌സിലാണ് വിരാട് 14,000 ഏകദിന റണ്‍സ് പിന്നിട്ടത്.

350 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ സച്ചിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്. ഇപ്പോള്‍ സച്ചിനേക്കാള്‍ 63 ഇന്നിങ്‌സുകള്‍ കുറവ് കളിച്ചാണ് വിരാട് ചരിത്ര നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.

378ാം ഇന്നിങ്‌സിലാണ് സംഗ 14,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 15 റണ്‍സ് നേടിയാല്‍ വിരാട് കോഹ്‌ലിക്ക് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമായിരുന്നു. ടെക്സ്റ്റ് ബുക്ക് ഡെഫനിഷന്‍ കവര്‍ ഡ്രൈവുമായാണ് വിരാട് ഈ ചരിത്ര നേട്ടത്തിലെത്തിയത്.

 

ഈ മത്സരത്തില്‍ മറ്റുചില റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു.

ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് വിരാട് മറ്റൊരു ചരിത്ര നേട്ടം തന്റെ പേരിന് നേരെ കുറിച്ചത്. ഏകദിന കരിയറിലെ 157ാം ക്യാച്ചായാണ് വിരാട് നസീം ഷായെ പുറത്താക്കിയത്. മത്സരത്തില്‍ ഖുഷ്ദില്‍ ഷായുടെ ക്യാച്ചും വിരാട് സ്വന്തമാക്കിയിരുന്നു.

ഈ മത്സരത്തിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്ന വിരാട് ഇപ്പോള്‍ അസറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരം (നോണ്‍ വിക്കറ്റ് കീപ്പര്‍മാര്‍)

(താരം – ക്യാച്ച് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 158*

മുഹമ്മദ് അസറുദ്ദീന്‍ – 156

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 140

രാഹുല്‍ ദ്രാവിഡ് – 126

സുരേഷ് റെയ്ന – 102

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയിലാണ്. 29 പന്തില്‍ 24 റണ്‍സുമായി വിരാട് കോഹ്‌ലിയും 46 പന്തില്‍ 44 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ബൗള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്.

 

Content Highlight: ICC Champions Trophy 2025: IND vs PAK: Virat Kohli Completed 14,000 ODI runs