Champions Trophy
പാകിസ്ഥാന്റെ അവസാന മത്സരത്തില്‍ വില്ലന്‍ കളിക്കുന്നു; ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാതെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 27, 09:06 am
Thursday, 27th February 2025, 2:36 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരം വൈകുന്നു. മഴ മൂലം ടോസ് വൈകിയിരിക്കുകയാണ്. റാവല്‍പിണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് ഇപ്പോള്‍ മഴ മൂലം വൈകിയിരിക്കുന്നത്.

ഇതേ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ മത്സരം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇരു ടീമുകളും ഇതിനോടകം തന്നെ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റിനോട് വിടപറയുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് പാകിസ്ഥാന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ടോം ലാഥവും വില്‍ യങ്ങും നേടിയ സെഞ്ച്വറികളാണ് കിവികള്‍ക്ക് വിജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു.

 

തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിന്റെ ജയപരാജയങ്ങള്‍ പാകിസ്ഥാന്റെ വിധി മാറ്റിമറിക്കുമായിരുന്നു. എന്നാല്‍ ‘ഏഷ്യാസ് ബെസ്റ്റ് ടീം’ പാകിസ്ഥാന്റെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്തു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി. ദുബായില്‍ നടന്ന മത്സരത്തില്‍ യുവതാരം തൗഹിദ് ഹൃദോയ്‌യുടെ സെഞ്ച്വറിയുടെ ബലത്തില്‍ ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയും തന്റെ മാജിക് വ്യക്തമാക്കി.

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കേണ്ടത് പാകിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് മത്സരത്തിലും ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിലും കിവികള്‍ പരാജയപ്പെടുകയും ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുകയും ചെയ്താല്‍ റണ്‍ റേറ്റ് കൂടി കണക്കിലെടുത്ത് പാകിസ്ഥാന് മുന്നേറാനുള്ള സാധ്യതകളുണ്ടായിരുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ആ സാധ്യതകള്‍ക്ക് ഫുള്‍ സ്റ്റോപ്പിട്ട് ബംഗ്ലാദേശ് തോല്‍വിയേറ്റുവാങ്ങി.

ഇരു ടീമുകള്‍ക്കും വിജയത്തോടെ പടിയിറങ്ങാനുള്ള അവസരമായിരുന്നു റാവല്‍പിണ്ടിയിലെ മത്സരം. എന്നാല്‍ നിലവില്‍ മഴ വില്ലനായി തുടരുകയാണ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം, ഫഖര്‍ സമാന്‍, സൗദ് ഷക്കീല്‍, തയ്യിബ് താഹിര്‍, ഫഹീം അഷ്‌റഫ്, കമ്രാന്‍ ഗുലാം, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.

ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), പര്‍വേസ് ഹൊസൈന്‍ എമോണ്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, സൗമ്യ സര്‍ക്കാര്‍, ജാക്കിര്‍ അലി (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മുസ്തഫിസുര്‍ റഹ്‌മാന്‍, നാഹിദ് റാണ, നാസും അഹമ്മദ്, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ്.

 

Content highlight: ICC Champions Trophy 2025: BAN vs PAK: Match delayed due to rain