ന്യൂദല്‍ഹി: യു.പിയിലെ പുതിയ മതപരിവര്‍ത്തന നിയമത്തിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 100 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചിരിക്കുകയാണ്.
ഇവരെ കൂടാത മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ എന്നിവരും ബില്ലിനെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് അറിയിച്ചു.
സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമമാണിത്. ഉത്തര്‍പ്രദേശിലെ യുവജനങ്ങളുടെ മേല്‍ ഭരണകൂടം നടത്തുന്ന വേട്ടയാടലാണ് ഈ നിയമമെന്നും കത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് മതപരിവര്‍ത്തനം സംബന്ധിച്ച് നിയമനിര്‍മ്മാണവുമായി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ രംഗത്തെത്തിയത്. നിലവില്‍ യു.പിയിലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മതം മാറുന്നതിനും വിവാഹം കഴിക്കുന്നതിനും രണ്ട് മാസം മുമ്പ് ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് പറയുന്നത്.
ഒരു മാസത്തിനിടെ പത്തോളം കേസുകളാണ് പുതിയ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ യോഗി സര്‍ക്കാരിന്റെ ലൗ ജിഹാദ് വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെളിയിക്കുന്ന വിവരങ്ങളുമായി കാണ്‍പൂര്‍ പൊലീസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ നടന്ന 14 ഇന്റര്‍കാസ്റ്റ് വിവാഹങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
സമാനമായി മധ്യപ്രദേശ് സര്‍ക്കാരും മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനം നടന്നാല്‍ അതിനെതിരെ 1 ലക്ഷം രൂപ വരെ തടവും 10 വര്‍ഷം വരെ തടവും നല്‍കുന്നതാണ് നിയമം.
‘ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍, കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും’, നരോത്തം മിശ്ര പറഞ്ഞു.
മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക