തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതിനെതിരെ എന്ത് എതിര്‍പ്പ് ഉയര്‍ത്തിയിട്ടും കാര്യമില്ലെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ കൊടി മാറ്റണമെന്ന ഗതാഗത കമീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാട്. പാലിക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടേയെന്നും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആദ്യം നിയമവശങ്ങള്‍ പരിശോധിക്കട്ടെ എന്നിട്ടു വനംവകുപ്പില്‍ തീരുമാനം നടപ്പാക്കാമെന്നായിരുന്നു ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബി.എസ്. കോറിയുടെ പ്രതികരണം.
ഇതിനിടെ, ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കാറില്‍ വച്ചിട്ടുള്ള അധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി അഡ്വക്കേറ്റ് ജനറലിനു കത്തു നല്‍കി.
ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ പലരും ഹൈക്കോര്‍ട്ട്, കേരള സ്റ്റേറ്റ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചുരുക്കം ചിലര്‍ ബീക്കണ്‍ ലൈറ്റും. ഇത്തരം ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിനു നിര്‍ദേശം നല്‍കിയ കമ്മീഷണര്‍ കാറില്‍ വയ്ക്കാവുന്ന ബോര്‍ഡിന്റ മാതൃകയും കൈമാറി.