Entertainment
വിവാഹ അഭ്യര്‍ത്ഥനയോട് നോ പറഞ്ഞതോടെ ആ നടന്‍ പല സെറ്റിലും വന്ന് ശല്യം ചെയ്തു: അഞ്ജലി നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 19, 09:51 am
Sunday, 19th January 2025, 3:21 pm

തമിഴ്, മലയാളം സിനിമകളിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് അഞ്ജലി നായര്‍. ഫാസില്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ ബാലതാരമായാണ് നടി തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. 2015ല്‍ ബെന്‍ എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു.

സിനിമയില്‍ നിന്ന് തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് അഞ്ജലി നായര്‍. ഉന്നയേ കാതലിപ്പേന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ ചിത്രത്തിലെ തന്നെ നിര്‍മാതാവും വില്ലനുമായ വ്യക്തി തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും താന്‍ നോ പറഞ്ഞപ്പോള്‍ മറ്റ് സെറ്റുകളില്‍ വന്ന് അയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും അഞ്ജലി നായര്‍ പറയുന്നു.

ഒരിക്കല്‍ അമ്മക്ക് സുഖമില്ല കാണണം എന്ന് പറഞ്ഞ് അയാളുടെ അനിയത്തി വീട്ടിലേക്ക് വിളിച്ചെന്നും എന്നാല്‍ അങ്ങോട്ട് ചെന്ന തന്നെ മുറിയിലിട്ട് ഭീഷണിപ്പെടുത്തിയെന്നും മുദ്രപേപ്പറുകളില്‍ ഒപ്പിടീപ്പിക്കുകയും പ്രേമലേഖനം എഴുതിപ്പിക്കുകയും ചെയ്തുവെന്ന് അഞ്ജലി പറഞ്ഞു. അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പിട്ടതെന്നും വിസമ്മതിച്ചപ്പോള്‍ നിയമനടപടിക്ക് പോയെന്നും നടി കൂട്ടിച്ചേര്‍ത്തു.

കേസ് തനിക്ക് അനുകൂലമായെന്നും പിന്നീട് അയാളെ കണ്ടിട്ടില്ലെന്നും അഞ്ജലി പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജലി നായര്‍.

‘ഉന്നയേ കാതലിപ്പേന്‍ സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോള്‍ തന്നെ അയാള്‍ വിവാഹാഭ്യര്‍ഥന നടത്തി നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളില്‍ വന്നു ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തുകൊണ്ടുപോയി. പിന്നാലെ ചെന്നപ്പോള്‍ വാതിലില്‍ നിന്നു തള്ളിയിടാന്‍ നോക്കി.

അങ്ങനെയൊരു ദിവസം അയാളുടെ സഹോദരി വിളിച്ചു. അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്നു കാണണം. വീട്ടിലേക്കു വരാമോ? അയാള്‍ സ്വിറ്റ്‌സര്‍ ലന്‍ഡില്‍ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും ഉറപ്പു നല്‍കി. സിനിമാ ലൊക്കേഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണു വീട്ടില്‍ ചെന്നത്.

അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയതും ആരോ പുറത്തു നിന്നു വാതില്‍ പൂട്ടി, അകത്ത് അയാള്‍ മാത്രം. കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടീച്ചു. അയാള്‍ പറയുന്ന വാചകങ്ങള്‍ ചേര്‍ത്തു പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണു പുറത്തു വന്നത്.

പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആ തെളിവുകള്‍ വെച്ച് കേസ് കൊടുത്തു. പ്രേമലേഖനമൊക്കെ തെളിവായി വക്കീല്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളൂ. ഇത്ര വൃത്തികെട്ട കയ്യക്ഷരത്തില്‍, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല,’ അഞ്ജലി നായര്‍ പറയുന്നു.

Content Highlight: Anjali Nair Shares a strange incidence she  faced while  shooting a tamil film