ബി.ജെ.പിയുമായുള്ള ജെ.ഡി.എസ് സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും കര്‍ണാടക മുഖ്യമന്ത്രി: എച്ച്. ഡി കുമാരസ്വാമി
national news
ബി.ജെ.പിയുമായുള്ള ജെ.ഡി.എസ് സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും കര്‍ണാടക മുഖ്യമന്ത്രി: എച്ച്. ഡി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th December 2020, 10:03 pm

ബെംഗളൂരു: ബി.ജെ.പിയുമായി ജെ.ഡി.എസ് സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ താന്‍ ഇപ്പോഴും മുഖ്യമന്ത്രിയായിരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. താനുണ്ടാക്കിയ സല്‍പ്പേരെല്ലാം കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതോടെ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്‌ക്കെതിരെയാണ് എച്ച് ഡി കുമാര സ്വാമിയുടെ ഒളിയമ്പ്.

‘2006-2007 കാലത്ത് ഞാന്‍ നേടിയതെല്ലാം 12 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കാരണം നഷ്ടപ്പെട്ടു. 2006ല്‍ ബി.ജെ.പിയുമായി ഉണ്ടായ അധികാര പ്രശ്‌നം കാരണം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. 2018ല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ശേഷം എന്റെ എല്ലാ പ്രശസ്തിയും നശിപ്പിച്ചു. പിതാവ് ദേവഗൗഡ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ആ കെണിയില്‍ വീണു പോയത്,’ എച്ച്. ഡി കുമാരസ്വാമി പറഞ്ഞു.

മതേതര വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്ന തന്റെ പിതാവ് എച്ച്.ഡി ദേവഗൗഡയെ വേദനിപ്പിക്കേണ്ടാത്തതിനാലാണ് അധികം പറയാത്തതെന്നും അതുകൊണ്ട് മാത്രമാണ് ജെ.ഡി.എസ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍ താന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ തന്നെ കരയേണ്ടി വന്നതെന്തിനാണെന്ന് തനിക്കറിയാമെന്നും ബി.ജെ.പി കോണ്‍ഗ്രസ് ചെയ്ത പോലെ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ വീണതുമുതല്‍ കുമാര സ്വാമി സിദ്ധരാമയ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘സിദ്ധരാമയ്യയും രമേഷ് കുമാറും നേരത്തെ പറഞ്ഞത് തങ്ങള്‍ വിജയിച്ച് കുമാരസ്വാമിയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു. എന്നാല്‍ ബി.എസ് യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കി അദ്ദേഹം ചീത്തപ്പേര് നേടി ആറ് മാസത്തിനുള്ളില്‍ പുറത്താകുകയും എന്നിട്ട് തനിക്ക് മുഖ്യമന്ത്രിയാകാമെന്നുമാണ് സിദ്ധരാമയ്യ ചിന്തിച്ചത്,’ കുമാരസ്വാമി പറഞ്ഞു.

ഇടയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പയും എച്ച്. ഡി കുമാരസ്വാമിയും തമ്മില്‍ തന്റെ മണ്ഡല വികസനവുമായി ബന്ധപ്പെട്ട് പലതവണ ചര്‍ച്ചകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I would still be Karnataka CM if JD(S) had allied with BJP, says Kumaraswamy