അസന്‍സോള്‍/കൊല്‍ക്കത്ത: പ്രതിഷേധിച്ച പൊതുജനങ്ങളോട് “ജീവനോടെ തൊലി ഉരിച്ചുകളയുമെന്ന്” ബി.ജെ.പി മന്ത്രിയുടെ ഭീഷണി. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ കല്ല്യാണ്‍പൂരിലെ ഒരു ക്യംപ് സന്ദര്‍ശിക്കവെയാണ് ഘനവ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ ഭീഷണി. തനിക്ക് നേരെ മുദ്രാവാക്യം മുഴക്കിയ ജനങ്ങളോട് തൊലി ഉരിഞ്ഞുകളയുമന്നാണ് മന്ത്രി പറഞ്ഞത്.
നിരോധനാജ്ഞയുള്ള പ്രദേശത്ത് അതിക്രമിച്ച് കടന്ന ബാബുല്‍ സുപ്രിയയെ തടയാന്‍ ശ്രമിച്ച ഐ.പി.എസ് ഓഫിസറെ മന്ത്രി കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. അത്രിക്രമിച്ച് കടന്നതിനും ഐ.പി.എസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും ഇദ്ദേഹത്തിനെതിരെ പിന്നീട് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു.
Union Minister Babul Supriyo gets into scuffle with locals in West Bengal’s Asansol when questioned about violence #BabulGetsBrash pic.twitter.com/8Ff1hmbZCP
— TIMES NOW (@TimesNow) March 29, 2018
സംഘര്‍ഷബാധിത പ്രദേശത്തെ ജനങ്ങളെ മന്ത്രി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് സ്വകാര്യ ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണാനാവുന്നത്. എന്നാല്‍ ശാന്തരാവാന്‍ ജനങ്ങള്‍ വിസമ്മതിച്ചതോടെ “ഞാന്‍ പോയാല്‍ നിങ്ങള്‍ കഷ്ടത്തിലാവും” എന്ന് മന്ത്രി പ്രതികരിച്ചു. എങ്കില്‍ പൊയ്‌ക്കോളൂ എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ച് പറഞ്ഞപ്പോഴാണ് “ഞാനവരെ ജീവനോടെ തൊലിയുരിക്കും” എന്ന് മന്ത്രി പറഞ്ഞത്.
രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ അസനോള്‍-രാണിഗജ്ജ് എന്നിവിടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇവിടേക്കാണ് വിലക്ക് മറികടന്ന് ബാബുല്‍ സുപ്രിയോ അതിക്രമിച്ച് കടന്നത്. മന്ത്രിയും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഐ.പി.എസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ചെയ്തു.
നാല് ദിവസം മുമ്പ് പശ്ചിമബംഗാളിലെ അസന്‍സോളില്‍ നടന്ന രാമനവമിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതുവരെ അഞ്ച് പേരാണ് മരിച്ചത്.