സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിനായി മിന്നും ഫോമിൽ കളിക്കുകയാണ് സാക്ഷാൽ റൊണാൾഡോ. പ്രതിവർഷം 225 മില്യൺ യൂറോക്ക് ക്ലബ്ബിലെത്തിയ താരം ആദ്യ മത്സരങ്ങളിൽ നിറം കെട്ടെങ്കിലും പിന്നീട് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. സൗദി ക്ലബ്ബിനായി ആറ് മത്സരങ്ങളിൽ നിന്നും രണ്ട് ഹാട്രിക്കോടെ എട്ട് ഗോളുകളാണ് റൊണാൾഡോ ഇതുവരെ സ്കോർ ചെയ്തത്.
നിലവിൽ 38 വയസുള്ള താരം ശാരീരികമായും മാനസികമായും ഫിറ്റോടെയാണ് കളിക്കുന്നത്.
എന്നാലിപ്പോൾ റൊണാൾഡോയുടെ ഡയറ്റ് ഫോളോ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പാൽമിറെസ് താരമായ ഗബ്രിയേൽ മെനീനോ.
റൊണാൾഡോയുടെ ഡയറ്റ് ഫുട്ബോളേഴ്സിനിടയിൽ വളരെ പ്രസിദ്ധമാണ്. പല താരങ്ങളും അത് പകർത്താനും ശ്രമിച്ചിട്ടുണ്ട്.
റൊണാൾഡോയുടെ ഡയറ്റ് ഫോളോ ചെയ്ത് മത്സരിക്കാനിറങ്ങിയപ്പോൾ തനിക്ക് ഓടാൻ പോലും കഴിഞ്ഞില്ലെന്നും മെനീനോ പറഞ്ഞു.
“ഞാൻ എന്റെ ക്ലബ്ബായ പാൽമിറെസിലെ ന്യൂട്രിഷ്യനിസ്റ്റിനോട് എനിക്കായി റൊണാൾഡോ ഫോളോ ചെയ്യുന്ന ഡയറ്റ് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. എനിക്ക് റൊണാൾഡോയെപ്പോലെ ആകണമായിരുന്നു. എനിക്ക് ന്യൂട്രിഷ്യനിസ്റ്റ് പറഞ്ഞ ഡയറ്റ് ഇപ്രകാരമായിരുന്നു,
ബ്രേക്ക്‌ഫാസ്റ്റ് ഒരു മുട്ടയും സപ്ലിമെന്റും, വർക്ക്‌ഔട്ടിന് മുമ്പ് ഒരു സപ്ലിമെന്റ്, ഉച്ചക്ക് സാലഡും ഗ്രിൽഡ് ചെയ്ത എന്തെങ്കിലും ഭക്ഷണം. പിന്നീട് വീണ്ടും സപ്ലിമെന്റും ഗ്രിൽഡ് ചെയ്ത മാംസവും സാലഡും, ഉറങ്ങുന്നതിന് മുമ്പ് മറ്റൊരു സപ്ലിമെന്റ്. ഇതായിരുന്നു റൊണാൾഡോയുടെ ഡയറ്റ്,’ ഗബ്രിയേൽ മെനീനോ പറഞ്ഞു.
“എനിക്ക് ഈ ഡയറ്റ് ഫോളോ ചെയ്തതോടെ വാം അപ്പ് ചെയ്യാനോ നല്ല രീതിയിൽ ഓടാനോ സാധിച്ചിട്ടില്ല. മരിച്ചു പോകുമോ എന്ന് വരെ ഒരു നിമിഷം ഞാൻ ചിന്തിച്ചു. കളിയുടെ ആദ്യ അഞ്ച് മിനിട്ടിൽ തന്നെ എനിക്ക് ഓടാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. എന്നെ സബ് ചെയ്തെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു,’ ഗബ്രിയേൽ മെനീനോ കൂട്ടിച്ചേർത്തു.
അതേസമയം പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് ഒമ്പതിന് അൽ ഇത്തിഹാദിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights: i was ‘going to die’ after attempting to copy Cristiano Ronaldo’s diet said Gabriel Menino