Malayalam Cinema
അലി അക്ബറിനോട് ആ സീനില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; സലിം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 16, 07:46 am
Tuesday, 16th March 2021, 1:16 pm

ഒരു നടന്‍ എന്നത് വെറും ടൂള്‍ മാത്രമാണെന്നും ഒരു നടനെ സംബന്ധിച്ച് പല പരിമിതികളും ഉണ്ടെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയതാരം സലിം കുമാര്‍.

സംവിധായകന്‍ പറയുന്ന ഒരു സീന്‍ അഭിനയിക്കാന്‍ തയ്യാറായില്ലെങ്കില്‍ നടനെതിരെ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിങ് തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് നിയമപരമായി നടപടിയെടുക്കാന്‍ കഴിയുമെന്നും നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ടെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നു.

ബാംബൂ ബോയ്‌സ് എന്ന ചിത്രത്തിലെ ചില വള്‍ഗറായ രംഗങ്ങളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ അലി അക്ബറിനോട് പറയേണ്ടി വന്നിരുന്നെന്നും പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ച് എടുത്തെന്നും സലിം കുമാര്‍ പറഞ്ഞു.

ബാംബൂ ബോയ്‌സ് എന്ന അലി അക്ബര്‍ സംവിധാനം ചെയ്ത സിനിമ ആദിവാസികള്‍ക്കെതിരെ വംശീയമായ വിദ്വേഷം വളരെ വള്‍ഗറായി പ്രകടിപ്പിച്ചതാണ്. കേരളത്തിലെ ആദിവാസികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എങ്ങനെയാണ് ഇത്തരം സിനിമകളില്‍ താങ്കള്‍ക്ക് അഭിനയിക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് സലിം കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു:

‘സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ്‌ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ്‌ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍.

ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഈ സീനില്‍ അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല.

പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിങ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്‍ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്’, സലിം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ