കൊച്ചി: നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത ചില സിനിമകള്‍ തിയേറ്ററിലേക്ക് കൊണ്ടുവന്നിട്ട്, ഞങ്ങള്‍ അവരില്‍ നിന്നും തിരിച്ചുവാങ്ങിച്ച് തിയേറ്ററുകാരെ സഹായിച്ചെന്നൊക്കെ ചിലര്‍ പറയുന്നുണ്ടെന്നും അതൊന്നും ശരിയല്ലെന്നുമുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശം വിവാദമായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന ചിത്രത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് പ്രിയദര്‍ശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ തന്റെ പരാമര്‍ശം കുറുപ്പ് എന്ന ചിത്രത്തെ ഉദ്ദേശിച്ചല്ലെന്നാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയദര്‍ശന്റെ മറുപടി.
‘കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ നടത്തിയ പ്രസ്താവന, നെറ്റ്ഫ്ളിക്സിനെയും തിയറ്റര്‍ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ, നടനെയോ പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന’,
എന്നായിരുന്നു പ്രിയദര്‍ശന്‍ ട്വീറ്റ് ചെയ്തത്.
‘ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങള്‍, എന്റെ വാക്ക് വാക്കുകള്‍ വളച്ചൊടിച്ചതായി കാണുന്നു’, എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചത്.
Hence, I’d like to clear up that I had mentioned absolutely nothing about Dulquer or the upcoming release of ‘Kurup’. It’s seen that the media has been misusing it by twisting it all into conclusions I never intended to mean.
ചിലയാളുകളൊക്കെ സിനിമയെടുക്കുന്നുണ്ട് . അതില്‍ നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ഞങ്ങള്‍ അവിടുന്ന് തിരിച്ച് വാങ്ങിച്ചുകൊണ്ട് വന്നിട്ട് തിയേറ്ററുകാരെ സഹായിച്ചതാണെന്ന്. ആ പറയുന്നത് ശരിയൊന്നുമല്ല എന്നായിരുന്നു പ്രിയദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചത്.
ഒ.ടി.ടിക്ക് വേണ്ടിയും തിയേറ്ററിന് വേണ്ടിയും സിനിമ എടുക്കാമെന്നും മോഹന്‍ലാലിന്റെ ഒ.ടി.ടിയില്‍ ഇറങ്ങിയ സിനിമയൊക്കെ ഒ.ടി.ടിക്ക് വേണ്ടി തന്നെ എടുത്തതാണെന്നും എന്നാല്‍ മരക്കാര്‍ അങ്ങനെ ആയിരുന്നില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.
‘ഞാന്‍ ഈ സിനിമ ഒ.ടി.ടിയില്‍ വരണമെന്ന് ആഗ്രഹിച്ച് എടുത്തിരുന്നെങ്കില്‍ എനിക്ക് 30 കോടി രൂപയ്ക്ക് എടുക്കാമായിരുന്നു. ഈ കഥ മാത്രം എടുത്താല്‍ മതി. ഇത്ര ആഡംബരത്തിന്റേയോ ഇത്രയും പണം മുടക്കേണ്ടതിന്റേയോ ഇത്രയും ദിവസം ഷൂട്ട് ചെയ്യേണ്ടതിന്റേയോ ആവശ്യമുണ്ടായിരുന്നില്ല. സാബു സിറിലിനെപ്പോലുള്ളവരേയും ആവശ്യമുണ്ടായിരുന്നില്ല.
ഒരിക്കലും നൂറ് കോടിയുടെ സിനിമയൊന്നും മലയാളത്തില്‍ നമുക്ക് ചിന്തിക്കാന്‍ പറ്റില്ല. കാലാപാനി എന്ന ഒരു സിനിമ എടുത്തിട്ട് 25 വര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ഒരു വലിയ സിനിമ എടുക്കാന്‍ കഴിഞ്ഞത്. ബഡ്ജറ്റ് തന്നെയാണ് കാരണം. അതിലൊരു വലിയ റിസ്‌ക്കുണ്ട്. എന്നിട്ടും അതിന് തയ്യാറായി.
ഇത് നമ്മുടെ സ്വന്തം താത്പര്യം മാത്രമല്ല, നമുക്ക് നാളെ മലയാളത്തില്‍ ഒരു വാട്ടര്‍മാര്‍ക്കായിരിക്കും ഇങ്ങനെ ഒരു സിനിമ എന്നുപറയുന്നത്. ചിലയാളുകളൊക്കെ സിനിമയെടുക്കുന്നുണ്ട് . അതില്‍ നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാത്ത സിനിമകളൊക്കെ കൊണ്ടുവന്ന് തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയുന്നുണ്ട് ഞങ്ങള്‍ അവിടുന്ന് തിരിച്ച് വാങ്ങിച്ചുകൊണ്ട് വന്നിട്ട് തിയേറ്ററുകാരെ സഹായിച്ചതാണെന്ന്. ആ പറയുന്നത് ശരിയൊന്നുമല്ല.
ഇപ്പോഴത്തെ ഒരു സാഹചര്യമല്ലെങ്കില്‍ ധൈര്യമായിട്ട് ഞാന്‍ ഇത് തിയേറ്ററില്‍ റിലീസ് ചെയ്യുമായിരുന്നെന്നും പടത്തില്‍ തനിക്ക് പൂര്‍ണമായി വിശ്വാസമുണ്ടെന്നും ആന്റണി എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ക്കും സിനിമ കാണുമ്പോള്‍ അത് മനസിലാകും. ഈ സിനിമ തിയേറ്ററില്‍ കാണണമെന്നായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷേ എന്നെ വിശ്വസിച്ച് പണം മുടക്കിയ ഒരാളെ ദ്രോഹിച്ചുകൊണ്ട് എനിക്ക് ഈ സിനിമ തിയേറ്ററില്‍ കാണിക്കേണ്ട,’ എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.