രാജ്യത്തിനു പുതിയ പ്രധാനമന്ത്രിയെ നല്‍കുന്നതിനാണ് മഹാഗഡ്ബന്ധന്‍; കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല; പ്രിയങ്കാ ഗാന്ധിക്കെതിരേ അഖിലേഷ്
D' Election 2019
രാജ്യത്തിനു പുതിയ പ്രധാനമന്ത്രിയെ നല്‍കുന്നതിനാണ് മഹാഗഡ്ബന്ധന്‍; കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല; പ്രിയങ്കാ ഗാന്ധിക്കെതിരേ അഖിലേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 9:13 am

ലഖ്‌നൗ: ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്ക്കുന്നതിനായാണു തങ്ങള്‍ ചില ദുര്‍ബല സ്ഥാനാര്‍ഥികളെ ഉത്തര്‍പ്രദേശില്‍ നിര്‍ത്തിയിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അവകാശവാദത്തിനെതിരേ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ജനങ്ങള്‍ അവരുടെ കൂടെയല്ലാത്തതിനാല്‍ നടത്തുന്ന ന്യായീകരണങ്ങളാണ് ഇതൊക്കെയെന്ന് അഖിലേഷ് പറഞ്ഞു.

‘ഇത്തരം പ്രസ്താവനകളില്‍ എനിക്കു വിശ്വാസമില്ല. കോണ്‍ഗ്രസ് എവിടെയെങ്കിലും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങള്‍ അവരുടെ കൂടെയില്ലാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ന്യായീകരണങ്ങള്‍ പറയുന്നത്.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അഖിലേഷ് പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്ക്കാനാണ് കോണ്‍ഗ്രസ് ചില സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നായിരുന്നു ഇന്നലെ റായ്ബറേലിയില്‍ പ്രിയങ്കയുടെ അവകാശവാദം. സ്ഥാനാര്‍ഥികള്‍ ശക്തരായ ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറയ്ക്കുമെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

രാജ്യത്തിന് ഒരു പുതിയ പ്രധാനമന്ത്രിയെ നല്‍കുന്നതിനുവേണ്ടിയാണ് തങ്ങളുടെ മഹാഗഡ്ബന്ധനെന്ന് അഖിലേഷ് വ്യക്തമാക്കി. സീറ്റ് കണക്കുകള്‍ ശരിയായശേഷം ആരാകണം പ്രധാനമന്ത്രിയെന്ന കാര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കു പ്രധാനമന്ത്രിപദത്തില്‍ താത്പര്യമില്ലെന്നും 2022-ല്‍ ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണു ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

മഹാഗഡ്ബന്ധന്‍ കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന ആരോപണം അഖിലേഷ് തള്ളി. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാക്കളെ ഭയപ്പെടുത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ അവര്‍ക്കെതിരേ ദുരുപയോഗം ചെയ്യാനും ബി.ജെ.പി പഠിച്ചത് കോണ്‍ഗ്രസില്‍ നിന്നാണ്. തനിക്കെതിരെയും മുലായം സിങ് യാദവിനെതിരെയും പൊതുതാത്പര്യഹര്‍ജികള്‍ നല്‍കിയ വ്യക്തി ലഖ്‌നൗവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ചടങ്ങിലുണ്ടായിരുന്നെന്നും അഖിലേഷ് ആരോപിച്ചു.

ബി.ജെ.പിയുടെ മോശം നയങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് മഹാഗഡ്ബന്ധന്‍. ഞങ്ങള്‍ ഉത്തര്‍പ്രദേശില്‍ പരമാവധി സീറ്റ് നേടും. അതുകൊണ്ടാണു വികസനത്തെക്കുറിച്ച് പറയാതെ തെരഞ്ഞെടുപ്പ് റാലികളില്‍ ബി.ജെ.പി നേതാക്കള്‍ മറ്റു ചില കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് പറഞ്ഞു.