[]കൊച്ചി: സൂര്യനെല്ലി പീഡനകേസിലെ പെണ്‍കുട്ടിയെ ബാലവേശ്യയെന്ന് താന്‍ ഒരു അഭിമുഖത്തിലും പ്രയോഗിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍ ബസന്ത്.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിട്ടില്ലെന്നും സ്വകാര്യ സംഭാഷണത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ ഒരു ടി.വി ചാനല്‍ സംപ്രേക്ഷണം ചെയ്യുകയാണുണ്ടായതെന്നും ജസ്റ്റിസ് ബസന്ത,് അഡ്വക്കറ്റ് ജനറലിനു നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യവൃത്തിയാണെന്നും പെണ്‍കുട്ടി ചെറുപ്പത്തിലേ വഴി പിഴച്ചവളായിരുന്നുവെന്നും രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ലെന്നും ബസന്ത് പറയുന്നതായി ഒരു ചാനല്‍ പുറത്തു വിട്ടിരുന്നു.
കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധിയെന്നും വിധി പറഞ്ഞതില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നുവെന്നും ബസന്തിന്റെ സംഭാഷണങ്ങളിലുണ്ടായിരുന്നു.
ബസന്തിന്റേത് സ്വകാര്യ സംഭാഷണമാണെന്നും സര്‍ക്കാറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ന് നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞത് ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്‍.ബസന്തായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബസന്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥിയായ എന്‍.പ്രകാശ് അഡ്വക്കറ്റ് ജനറലിന് നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് ബസന്ത് ആരോപണം നിഷേധിച്ചിരിക്കുന്നത്.