'മറ്റ് പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്തുന്നതിന് കാരണമാകും'; മഹാരാഷ്ട്ര സർക്കാരിൻറെ മറാത്ത സംവരണത്തെ എതിർത്ത് കേന്ദ്രമന്ത്രി
World News
'മറ്റ് പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്തുന്നതിന് കാരണമാകും'; മഹാരാഷ്ട്ര സർക്കാരിൻറെ മറാത്ത സംവരണത്തെ എതിർത്ത് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 12:52 pm

 

മുംബൈ: മഹാരാഷ്ട്ര സർക്കാരിൻറെ മറാത്ത സംവരണത്തെ എതിർത്ത് കേന്ദ്രമന്ത്രി നാരായൺ റാണെ. പിന്നാക്ക വിഭാഗങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും മറാത്ത വിഭാഗത്തിന് നൽകാമെന്ന ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം.

ഈ നീക്കം പിന്നാക്ക ഭാഗങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തിന് കാരണമാകുമെന്നും സംസ്ഥാനത്തെ അശാന്തിയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.

‘മറാത്ത സമുദായത്തിന് സംവരണ ആനുകൂല്യങ്ങൾ നൽകാമെന്ന മഹാരാഷ്ട്ര സർക്കാരിൻറെ തീരുമാനത്തോട് ഞാൻ യോജിക്കുന്നില്ല. അത് മറ്റ് പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്തുന്നതിന് കാരണമാകും. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ അതൃപ്തി സൃഷ്ടിക്കും,’ കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചു.

മറാത്ത ക്വാട്ട വിഷയത്തിൽ തിങ്കളാഴ്ച വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ടയിൽ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയാണ് നാരായൺ റാണെ.

അതേസമയം മറാത്ത സമുദായത്തിലെ കർഷക വിഭാഗമായ കുംബികളിലെ കൃത്യമായ രേഖകൾ കൈവശമുള്ള എല്ലാവർക്കും സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിൻറെ വിജ്ഞാപനത്തിൽ പറയുന്നു. ഒ.ബി.സി വിഭാഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സംവരണം ലഭിക്കുന്നത് വരെ അവർക്ക് നൽകുമെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നു.

ആക്ടിവിസ്റ്റ് മനോജ് ജാരൻഗെയുടെ അനിശ്ചിതകാല നിരാഹാരസമരത്തെ തുടർന്നാണ് മറാത്ത സമുദായത്തെ ഒ.ബി.സി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്. നിരാഹരമിരിക്കുന്നത് അവസാനിപ്പിച്ചെങ്കിലും വിജ്ഞാപനമനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ മറാത്ത സംവരണത്തിനായുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ജാരങ്കെ എല്ലാ മറാത്തകൾക്കും കുംബി സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മറാത്തകൾക്ക് കുംബി ജാതി സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ എന്ന് ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Content Highlight: I don’t agree’: Union minister warns of unrest after Shinde govt’s decision on Maratha agitation