തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ മയപ്പെടുത്തി പി.വി. അന്‍വര്‍ എം.എല്‍.എ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സഖാവ് എന്ന വിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.
എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരായ പരാതിയില്‍ അയാളെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണോ വേണ്ടയോ എന്ന കാര്യവും പാര്‍ട്ടി തീരുമാനിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
‘ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കും .ഞാന്‍ ഈ വിഷയത്തില്‍ ഇറങ്ങിയിരിക്കുന്നത് ഒരു സഖാവ് എന്ന നിലയിലാണ്. ആ ഉത്തരവാദിത്തം ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
അതേപോലെ ഒരു സഖാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയോടും ഞാന്‍ കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചിട്ടുണ്ട്. ഇനി ഈ പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക എന്നത് മാത്രമാണ് എന്റെ ഉത്തരവാദിത്തം.
ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. ബാക്കി ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും.
ആരെ മാറ്റിനിര്‍ത്തണം എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. ഞാന്‍ ഇപ്പോള്‍ പരാതി കൊടുത്തതല്ലേ ഉള്ളു. അന്വേഷണം നടക്കട്ടെ. ഈ കാര്യത്തില്‍ എന്റെ നയം വ്യക്തമാണ്. കേരളത്തിലെ ഒരു വിഭാഗം പൊലീസുകാരുടെ പെരുമാറ്റം സര്‍ക്കാരിനും പാര്‍ട്ടിക്കും പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരെയാണ് എന്റെ പോരാട്ടം,’പി.വി. അന്‍വര്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എം.എല്‍.എ രംഗത്തെത്തിയത്. അജിത് കുമാര്‍ നോട്ടോറിയസ് ക്രിമിനല്‍ ആണെന്നും ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കുറ്റവാളിയാണെന്നും പറഞ്ഞ അന്‍വര്‍ എ.ഡി.ജി.പി നിരവധി ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
എം.ആര്‍ അജിത് കുമാര്‍ മന്ത്രിമാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താറുണ്ടെന്നും അതിനായി അദ്ദേഹത്തിന് പൊലീസില്‍ പ്രത്യേക സംഘമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഫോണ്‍ കോളുകള്‍ ചോര്‍ത്താനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഇവര്‍ക്ക് പുറമെ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും കോളുകള്‍ അജിത് കുമാര്‍ ചോര്‍ത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. എ.ഡി.ജി.പിയെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Content Highlight: I did not say that A.D.G.P Ajith Kumar should be replaced says P.V. Anwar M.L.A