ഹൈദരാബാദ്: ഹൈദരാബാദിൽ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. മീർപേട്ട് സ്വദേശിയായ ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ജനുവരി 16ന് ആയിരുന്നു സംഭവം നടന്നത്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലെ മീർപേട്ടിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡി.ആർ.ഡി.ഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു.
ജനുവരി 18ന് ഗുരുമൂർത്തി മീർപേട്ട് പൊലീസ് സ്റ്റേഷനിൽ ഭാര്യ വെങ്കട മാധവിയെ കാണാനില്ലെന്ന് ഭാര്യയുടെ മാതാപിതാക്കളുമായെത്തി പരാതി നൽകിയിരുന്നു. ഗുരുമൂർത്തി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
കാണാതാകുന്നതിന് മുമ്പ് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അറിഞ്ഞതോടെ പൊലീസിന് സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്യലിൽ ഗുരുമൂർത്തി കുറ്റം സമ്മതിച്ചു. എങ്കിലും ഭാര്യയെ എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് ആദ്യം ഇയാൾ കൂടുതൽ ഒന്നും പറഞ്ഞില്ല.
വിശദമായ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നുവെന്നും ഗുരുമൂർത്തി സമ്മതിച്ചത്. ശരീരഭാഗങ്ങൾ ജില്ലെലഗുഡ ചെരുവിലും മറ്റും തള്ളിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
13 വർഷം മുമ്പാണ് ഗുരുമൂർത്തി വെങ്കട മാധവിയെ വിവാഹം കഴിച്ചത്, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
Content Highlight: Hyderabad man murders wife, cooks body parts before disposing