പ്രേതം പിടിച്ച ബോളിവുഡ് ഇന്‍ഡസ്ട്രി
Entertainment
പ്രേതം പിടിച്ച ബോളിവുഡ് ഇന്‍ഡസ്ട്രി
അമര്‍നാഥ് എം.
Thursday, 22nd August 2024, 12:46 pm

ഒരുകാലത്ത് ഇന്ത്യന്‍ സിനിമയെന്നാല്‍ പലര്‍ക്കും ബോളിവുഡായിരുന്നു. കണ്ടന്റുകള്‍ കൊണ്ടും താരബാഹുല്യം കൊണ്ടും ബോളിവുഡിനൊപ്പമെത്താന്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ പാടുപെടുന്നതാണ് കണ്ടത്. ബോളിവുഡില്‍ ഹിറ്റായ പല സിനിമകളും വിവധ ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് ഇറങ്ങിയിരുന്നു. എന്നാല്‍ കൊവിഡിന് ശേഷം സ്ഥിതി അപ്പാടെ മാറി.

മറ്റ് ഭാഷകളിലെ ഹിറ്റ് സിനിമകള്‍ തെരഞ്ഞുപിടിച്ച് റീമേക്ക് ചെയ്തതും ബയോപ്പിക്കുകളുടെ കുത്തൊഴുക്കും സിനിമാപ്രേമികളെ ബോളിവുഡില്‍ നിന്ന് അകറ്റിനിര്‍ത്തി. ഇടക്ക് വരുന്ന ഒന്നോ രണ്ടോ നല്ല സിനിമകളൊഴിച്ചാല്‍ ബോക്‌സ് ഓഫീസില്‍ മലയാളത്തിനും താഴെ ബോളിവുഡ് സ്ഥാനം പിടിച്ചു. 2023ല്‍ ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ബോളിവുഡ് ബോക്‌സ് ഓഫീസിന് ഉണര്‍വ് നല്‍കി. തുടര്‍ച്ചയായി രണ്ട് ഷാരൂഖ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.

എന്നാല്‍ ഈ വര്‍ഷം സ്ഥിതി വീണ്ടും പഴയതുപോലെയായി. വന്‍ പ്രതീക്ഷയില്‍ വന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ഹൃതിക് റോഷന്‍ ചിത്രം ഫൈറ്റര്‍ കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ ബഡേ മിയാന്‍ ചോട്ടേ മിയാനിലൂടെ അക്ഷയ് കുമാര്‍ തന്റെ പരാജയസിനിമകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഈ വര്‍ഷം ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായത് വെറും അഞ്ച് സിനിമകള്‍ മാത്രമാണ്. അതില്‍ മൂന്നും ഹൊറര്‍ ചിത്രങ്ങളാണെന്നുള്ളത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്.

അജയ് ദേവ്ഗണ്‍, മാധവന്‍, ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഷൈത്താനാണ് ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ്. ഇന്ത്യയില്‍ അധികം കണ്ടുശീലിച്ചിട്ടില്ലാത്ത തരത്തിലുള്ള ഹൊറര്‍ ചിത്രമായിരുന്നു ഷൈത്താന്‍. ഗുജറാത്തി ചിത്രം വശിന്റെ റീമേക്കായ ഷൈത്താന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 120 കോടിയിലധികം കളക്ഷന്‍ നേടി. വന്‍രാജ് കശ്യപ് എന്ന കഥാപാത്രമായി മാധവന്റെ ഗംഭീര പ്രകടനം ഷൈത്താനില്‍ കാണാന്‍ സാധിച്ചു.

അമര്‍ കൗശികിന്റെ ഹോറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രം മൂഞ്ച്യയാണ് ഈ വര്‍ഷത്തെ അടുത്ത ഹൊറര്‍ സൂപ്പര്‍ഹിറ്റ്. മുത്തശ്ശിക്കഥകളില്‍ കേട്ട ശീലിച്ച മൂഞ്ച്യ എന്ന പ്രേതത്തിന്റെ കഥ ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടില്‍ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ 160 കോടിയിലധികം കളക്ഷന്‍ നേടി. വെറും 32 കോടിയിലൊരുങ്ങിയ കൊച്ചുസിനിമയുടെ വലിയ വിജയമാണ് മൂഞ്ച്യയുടേത്.

ഹൊറര്‍ യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രമായ സ്ത്രീ 2 ഈ വര്‍ഷം ബോളിവുഡിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ സ്ത്രീ 2 ഇതിനോടകം തന്നെ 230 കോടിയിലധികം കളക്ട് ചെയ്തുകഴിഞ്ഞു. സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റ് സിനിമകളുമായുള്ള കണക്ഷനും അപ്രതീക്ഷിത ഗസ്റ്റ് റോളും തിയേറ്ററില്‍ ആഘോഷിക്കാനുള്ള വകയൊരുക്കി. മൂന്നാം ഭാഗത്തിന് വഴിയൊരുക്കിക്കൊണ്ടാണ് സ്ത്രീ 2 അവസാനിച്ചത്.

ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ഭൂല്‍ ഭുലയ്യ 3 ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യും. ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ ഗംഭീരവിജയം നേടിയിരുന്നു. കാര്‍ത്തിക് ആര്യന് പുറമെ അക്ഷയ് കുമാറും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ഭൂല്‍ ഭുലയ്യ 3ക്കുണ്ട്. പ്രേതസിനിമകളിലൂടെ ബോക്‌സ് ഓഫീസില്‍ ബോളിവുഡ് പിടിച്ചു നില്‍ക്കുന്ന കാഴ്ചക്കാണ് 2024 സാക്ഷ്യം വഹിക്കുന്നത്.

Content Highlight: Hit horror movies of 2024 in Bollywood

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം