സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആവശ്യക്കാര്‍ കുറഞ്ഞു; ലക്‌സിനും ലൈഫ് ബോയ്ക്കും വിലകുറച്ചു
Economic Recession
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആവശ്യക്കാര്‍ കുറഞ്ഞു; ലക്‌സിനും ലൈഫ് ബോയ്ക്കും വിലകുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 4:44 pm

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് ലക്‌സ്, ലൈഫ് ബോയ്, ഡോവ് എന്നീ സോപ്പുകളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. വിലകുറച്ചതിലൂടെ വീണ്ടും ആളുകളെ ഈ സോപ്പുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ജൂലൈ മുതലാണ് ഈ സോപ്പുകളുടെ വിലകുറച്ചിരിക്കുന്നത്.

ലൈഫ് ബോയ്, ലക്‌സ് എന്നീ സോപ്പുകള്‍ക്ക് 4% മുതല്‍ 6% വരെയാണ് വിലകുറച്ചത്. ചില പാക്കുകളില്‍ ഇത് 20% മുതല്‍ 30% വരെയാണ്. ഇന്ത്യയിലെ 20,960 കോടി രൂപയുടെ സോപ്പ് വിപണിയില്‍ ലക്‌സും ലൈഫ് ബോയും ഒന്നാം സ്ഥാനത്തുള്ളവരാണ്. ലൈഫ് ബോയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള സോപ്പ്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആളുകള്‍ ഈ സോപ്പുകളെ കൈവിട്ട് മറ്റു കമ്പനികളുടെ വിലകുറഞ്ഞ സോപ്പുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു എന്ന് കമ്പനി വിലയിരുത്തുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പ്രധാന സോപ്പ് ബ്രാന്‍ഡുകളായ ഡോവ്, പിയേര്‍സ്, ആയുഷ്, ലക്‌സ് എന്നിവയാണ് ഈ വെല്ലുവിളി നേരിടുന്നത്.

സ്‌നാക്ക്‌സ്, ബിസ്‌ക്കറ്റ്, സുഗന്ധ വ്യഞ്ജനങ്ങള്‍, ടോയ്‌ലറ്റ് സോപ്പുകള്‍, പാക്കറ്റ് തേയില എന്നിവയുടെ കച്ചവടം കഴിഞ്ഞ പാദത്തില്‍ വളരെ കുറഞ്ഞതായി സാമ്പത്തിക ഗവേഷണ കേന്ദ്രമായ നീല്‍സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.