ഉത്തരകാശിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിൽ
national news
ഉത്തരകാശിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രതിഷേധത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2024, 12:23 pm

കാശി: ഉത്തരകാശിയിൽ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന നടത്തിയ പ്രതിഷേധത്തിനിടെ സങ്കർഷം. മസ്ജിദ് സർക്കാർ ഭൂമിയിൽ പണിതാണെന്നാണ് സംഘടന ആരോപിക്കുന്നത്. സംയുക്ത് ഹിന്ദു സംഘടനയാണ് പ്രതിഷേധം നടത്തിയത്. ജൻ ആക്രോശ് എന്ന് പേര് നൽകിയ റാലിക്ക് പിന്നാലെ ഉത്തരകാശി, ദുണ്ട, ഭട്‌വാദി, ജോഷിയാഡ എന്നിവിടങ്ങളിൽ മാർക്കറ്റുകൾ അടച്ചിട്ടു.

ബരാഹത്ത് പ്രദേശത്ത് നിർമിച്ച മസ്ജിദ് സർക്കാർ ഭൂമിയിലെ അനധികൃത നിർമാണമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ, പള്ളി പഴയതാണെന്നും മുസ്‌ലിം സമുദായക്കാരുടെ ഭൂമിയിലാണ് പണിതതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയുടെ അനുയായികൾ ഹനുമാൻ ചൗക്കിൽ റാലി നടത്തി.

‘മസ്ജിദ് പണിതിരിക്കുന്നത് പള്ളിയുടെ ഭൂമിയിലാണ്. ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് നോട്ടീസിൽ ഇക്കാര്യം വ്യക്തമാണ്,’ ഭട്‌വാദിയുടെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മുകേഷ് ചന്ദ് റാമോള പറഞ്ഞു.

മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയുടെ അനുയായികൾ ഹനുമാൻ ചൗക്കിൽ റാലി നടത്തി. അവർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധക്കാർ ഹൈവേയിൽ ധർണ നടത്തി ഹനുമാൻ മന്ത്രം ചൊല്ലാൻ തുടങ്ങി. അവർ ബാരിക്കേഡ് നീക്കാൻ ശ്രമിച്ചപ്പോൾ പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

പിന്നാലെ സംഘർഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ സമയത്ത് കല്ലേറുണ്ടായെന്നും തുടർന്ന് പൊലീസ് ആദ്യം സമരക്കാർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായും പിന്നീട് ലാത്തി ചാർജ്ജ് നടത്തിയതായും ചില സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.

കല്ലേറുണ്ടായത് ഗൗരവമായി കാണുകയാണെന്നും അന്വേഷണം നടത്തിവരികയാണെന്നും ഉത്തരകാശി പൊലീസ് സൂപ്രണ്ട് (എസ്.പി) അമിത് ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പള്ളിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Content Highlight: Hindu outfit protests demanding demolition of mosque in Uttarkashi, 27 hurt in police lathi-charge