എറണാകുളം: കേരളത്തില്‍ നിന്ന് ഒരു ലക്ഷം യുവാക്കളെ ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതീഷിന്റെ പ്രഖ്യാപനം.
ഹിന്ദു സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ഇറങ്ങിത്തിരിക്കുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്നാണ് പ്രതീഷ് പറയുന്നത്. നേരത്തെ നിരവധി കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷ്ട്രീയരൂപമായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നാഷണല്‍ സെക്രട്ടറി എന്ന് പറഞ്ഞു കൊണ്ടാണ് പ്രതീഷ് പോസ്റ്റിട്ടത്.
ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ കലാപങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ക്ക് ബലം പകരുന്നതാണ് ആയുധവിതരണവുമായി ബന്ധപ്പെട്ട് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.
നേരത്തെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക കലാപത്തിന് ഹിന്ദുഹെല്‍പ് ലൈന്‍ പദ്ധതിയിടുന്നതായി ഡൂള്‍ന്യൂസ് വാര്‍ത്ത പുറത്തുകൊണ്ട് വന്നിരുന്നു. തൊടുപുഴ സ്വദേശിയും ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന ശബരീനാഥ് ആണ് സംഘടനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്.
ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷട്രീയ സംഘടനായായ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോടനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ആസൂത്രണങ്ങള്‍ നടന്നുവരുന്നു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാനമായ വെളിപ്പെടുത്തല്‍.
അതോടൊപ്പം മതപ്രചരണത്തിനായെത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും, ശബരിമല വിവാദത്തെ മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും നടത്താന്‍ പദ്ധതികള്‍ രൂപീകരിച്ചതായും, മുസ്ലിം സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സംഘടനയക്കകത്ത് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ഇദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നതിനാല്‍, മുഖമോ പേരുവിവരങ്ങളോ വ്യക്തമാക്കാതെയായിരുന്നു ഡൂള്‍ന്യൂസ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നാല്‍ സംഘടനയ്ക്കകത്ത് സമീപകാലത്ത് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പുകളും വിയോജിപ്പുകളും വഴി ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ഇയാളെ തിരിച്ചറിയുകയും വധഭീഷണി മുഴക്കിയതിനെയും തുടര്‍ന്ന് പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡുള്‍ന്യൂസ് നിര്‍ബന്ധിതരാവുകയായിരുന്നു.
ശബരിനാഥിന്റെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന തരത്തില്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ പിന്നീട് അവരുടെ നിലപാട് മാറ്റുകയാണുണ്ടായത്. ശബരിനാഥ് ജിഹാദി സംഘടനകളില്‍ നിന്നും പ്രതിഫലം പിന്‍പറ്റിയാണ് ഹിന്ദു ഹെല്‍പ് ലൈനില്‍ നുഴഞ്ഞുകയറിയതെന്നും ഇയാള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നും ആരോപിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ രംഗത്ത് വന്നിരുന്നു.
ഹിന്ദു ഹെല്‍പ് ലൈനിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയ ശബരീനാഥിനെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തൊടുപുഴ പെരുമ്പിള്ളിച്ചിറ ശാഖാ മുഖ്യശിക്ഷക് ആയിരുന്നു ശബരീനാഥെന്നും ഹിന്ദു ഹെല്‍പ് ലൈനിന്റെ പോസ്റ്റില്‍ പറയുന്നു. 2015ല്‍ കുമാരമംഗലം മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയും സംഘ ചുമതല വഹിച്ചിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ പറഞ്ഞിരുന്നു.
DoolNews Video