കോഴിക്കോട്: ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിവരുന്ന കലാപാസൂത്രണങ്ങളെക്കുറിച്ച് ഡൂള്‍ന്യൂസിന് മുന്നില്‍ വെളിപ്പെടുത്തിയ വ്യക്തി തങ്ങളുടെ പ്രവര്‍ത്തകന്‍ തന്നെയെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിയും ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന ശബരീനാഥ് ആണ് സംഘടനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്.
വിവരങ്ങള്‍ പുറത്തുപറയുന്നതോടുകൂടി തന്റെ ജീവന്‍ അപകടത്തിലാകും എന്ന് ഇദ്ദേഹം അറിയിച്ചതിനാല്‍ ഇയാളുടെ മുഖമോ പേരുവിവരങ്ങളോ പുറത്തുവിടാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.
എന്നാല്‍ സംഘടനയ്ക്കകത്ത് സമീപകാലത്ത് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പുകളും വിയോജിപ്പുകളും വഴി ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിഞ്ഞു എന്നും അവരുടെ രഹസ്യ ഗ്രൂപ്പുകളില്‍ തനിക്കെതിരെ അക്രമത്തിനുള്ള ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ശബരീനാഥ് പറഞ്ഞു.
Also Read ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ വന്‍ കലാപങ്ങള്‍ക്ക് പദ്ധതിയിടുന്നു; നേതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍
ശബരിനാഥിന്റെ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന തരത്തില്‍ ആദ്യഘട്ടത്തില്‍ പ്രതികരിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ പിന്നീട് അവരുടെ നിലപാട് മാറ്റുകയാണുണ്ടായത്. ശബരിനാഥ് ജിഹാദി സംഘടനകളില്‍ നിന്നും പ്രതിഫലം പിന്‍പറ്റിയാണ് ഹിന്ദു ഹെല്‍പ് ലൈനില്‍ നുഴഞ്ഞുകയറിയതെന്നും ഇയാള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഹിന്ദു ഹെല്‍പ് ലൈന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദു ഹെല്‍പ് ലൈനിനെ അപകീര്‍ത്തിപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയ ശബരീനാഥിനെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും തൊടുപുഴ പെരുമ്പിള്ളിച്ചിറ ശാഖാ മുഖ്യശിക്ഷക് ആയിരുന്നു ശബരീനാഥെന്നും ഹിന്ദു ഹെല്‍പ് ലൈനിന്റെ പോസ്റ്റില്‍ പറയുന്നു. 2015ല്‍ കുമാരമംഗലം മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയും സംഘ ചുമതല വഹിച്ചിരുന്നെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെന്നും ഹിന്ദു ഹെല്‍പ് ലൈനിന്റെ പോസ്റ്റില്‍ പറയുന്നു.
“തൊടുപുഴയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് ഗള്‍ഫില്‍ പോവുകയും അവിടെ നിന്നും ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന സംഘടനകളുമായും ബന്ധം പുലര്‍ത്തുകയും അവരുടെ നിര്‍ദ്ദേശാനുസരണം ഹിന്ദു ഹെല്‍പ് ലൈനില്‍ എത്തിച്ചേരുകയുമാണ് ചെയ്തത് എന്ന് സംശയിക്കുന്നു.” എന്നുമാണ് പോസ്റ്റില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പറയുന്നത്.
Also Read ഹിന്ദു ഹെല്‍പ് ലൈനിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നേതാവിന് നേരെ വധഭീഷണി
ഹിന്ദു ഹെല്‍പ് ലൈനിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായ് വരികയും ചെയ്തിട്ടുണ്ടെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ സ്ഥിരീകരിക്കുന്നു. ഹിന്ദു മുന്നേറ്റത്തെ തകര്‍ക്കാനുള്ള “ജിഹാദി” അജണ്ടയുടെ പണം കൈപ്പറ്റിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം ഇന്ന് അന്വേഷണാത്മകമായി സംശയിക്കുന്നെന്നുമാണ് ഹിന്ദു ഹെല്‍പ് ലൈന്‍ പറയുന്നത്.
നേരത്തെ ഡൂള്‍ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തലില്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് സംഘപരിവാര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങിലേക്ക് കടന്നു വന്ന താന്‍ പിന്നീട് ആര്‍.എസ്.എസിന്റെയും ബി.ജെ.പി യുടെയും സജീവ പ്രവര്‍ത്തകനായിരുന്നെന്നും 2015ല്‍ ആര്‍.എസ്.എസിന്റെ കുമാരമംഗലം മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയി ചുമതല വഹിച്ചിരുന്നെ്ന്നുമായിരുന്നു ശബരീനാഥ് പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ഇതിന്റെ സജീവ പ്രവര്‍ത്തകനായിരുന്നെന്നും ശബരിനാഥ് പറഞ്ഞിരുന്നു. സംഘടനയുടെ കേരളത്തിലെ മുഖ്യ സൂത്രധാരനായ പ്രതീഷ് വിശ്വനാഥനുമായി നേരിട്ട് അടുപ്പമുള്ള ആളായിരുന്ന താനെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
ഇടുക്കി ജില്ലയില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ നടത്തിയ വിവിധ പരിപാടികളുടെ മുന്‍പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ശബരിനാഥ്. തൊടുപുഴയിലെ മാതൃഭൂമി ഓഫീസിലേക്ക് ഹിന്ദു ഹെല്‍പ് ലൈന്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതും സംഘടനയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളോട് സംസാരിച്ചതും ശബരിനാഥ് ആയിരുന്നു.
ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷട്രീയ സംഘടനായായ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോടനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ആസൂത്രണങ്ങള്‍ നടന്നുവരുന്നു എന്നതായിരുന്നു ശബരിനാഥിന്റെ പ്രധാനമായ വെളിപ്പെടുത്തല്‍.
അതോടൊപ്പം മതപ്രചരണത്തിനായെത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും, ശബരിമല വിവാദത്തെ മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും നടത്താന്‍ പദ്ധതികള്‍ രൂപീകരിച്ചതായും, മുസ്ലിം സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സംഘടനയക്കകത്ത് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും ശബരിനാഥ് വെളിപ്പെടുത്തിയിരുന്നു.
വാര്‍ത്ത പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഡൂള്‍ന്യൂസിനും ശബരിനാഥിനും എതിരെ ഹിന്ദു ഹെല്‍പ് ലൈന്‍ എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ശബരിനാഥ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. തന്റെ പേരുവിവരങ്ങള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടുകൂടി മേല്‍വിലാസം പുറത്തുപറയാന്‍ ശബരിനാഥ് തയ്യാറായിരിക്കുകയാണ്.